തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശം സംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍ കെ. പി. ദണ്ഡപാണി ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ വിശദീകരണം നല്‍കും. രാത്രി പത്തിനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം എജി മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലുള്ള വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഹാജരാവാന്‍ എ.ജിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

Subscribe Us:

ദല്‍ഹിയില്‍ തിങ്കളാഴ്ച ഉപവസിക്കുന്ന മന്ത്രി പി.ജെ ജോസഫിനും മുല്ലപ്പെരിയാറില്‍ ഉപവസിക്കുന്ന മന്ത്രി കെ.എം മാണിക്കും പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനായാണ് തിങ്കളാഴ്ച രാത്രിയിലേക്ക് യോഗം മാറ്റിയത്. ചപ്പാത്തില്‍ വൈകിട്ടുവരെയുള്ള ഉപവാസത്തിനുശേഷം മാണിയും ഡല്‍ഹി ബിര്‍ല ഹൗസിലെ ഉപവാസത്തിനുശേഷം ജോസഫും രാത്രി ഇവിടെയെത്തും. താന്‍ ദല്‍ഹിയിലായതിനാലാണ് വിഎസിനൊപ്പം ഉപവാസമിരിക്കാനുള്ള പരിപാടിയില്‍ മാറ്റം വരുത്തിയതെന്നു ജോസഫ് വിശദീകരിച്ചു. അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് കഴിഞ്ഞദിവസം വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും അറിയിച്ചിരുന്നു.

അതിനിടെ, പുതിയ അണക്കെട്ടു നിര്‍മിക്കാനായി കേരളം സമര്‍പ്പിച്ച വിശദപദ്ധതി റിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്നു ചര്‍ച്ചചെയ്യും. നിലവിലുള്ള അണക്കെട്ടു പൊളിച്ചു നീക്കുന്നതിനുള്ള പദ്ധതിയും കേരളം സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് എ. എസ്. ആനന്ദ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധിയായ ജസ്റ്റിസ് കെ. ടി. തോമസും പങ്കെടുക്കും. കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗവും ഇന്നു ചേരുന്നുണ്ട്. നാളെ സര്‍വകക്ഷിയോഗവും നടത്തും.

സുപ്രീം കോടതിയിലും ഉന്നതാധികാര സമിതി മുന്‍പാകെയും കൈക്കൊള്ളേണ്ട നിലപാട് മന്ത്രിസഭ ചര്‍ച്ചചെയ്യും. സര്‍വകക്ഷി യോഗത്തിലും ഒന്‍പതിനു ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയ്ക്കു വരും. അഡ്വക്കറ്റ് ജനറലിനെ മാറ്റിയില്ലെങ്കില്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നു പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ട്.

മുല്ലപ്പെരിയാര്‍തന്നെയാണു കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിന്റെ മുഖ്യവിഷയം. മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍തന്നെ എ.ജിക്കെതിരായി പരസ്യ അഭിപ്രായം പ്രകടിപ്പിച്ചതിനാല്‍ അത് ഇവിടെ ചര്‍ച്ചയ്ക്കു വരും. പാര്‍ട്ടിയുടെ.കൂടി അഭിപ്രായം അറിഞ്ഞശേഷമേ സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കുകയുള്ളൂ. ഇതിനിടെ, അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറുമായി കൊച്ചിയില്‍ അഡ്വക്കറ്റ് ജനറല്‍ കൂടിക്കാഴ്ച നടത്തി. ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ കേസ് സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു.

Malayalam News

Kerala News in English