തിരുവനന്തപ്പുരം: ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്നും മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കേരളത്തിന് കുഴപ്പമുണ്ടാകില്ലെന്ന അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുടെ സത്യവാങ്മൂലത്തിനെതിരെ വ്യാപക പ്രതിഷേധം. ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തു നിന്നും നീക്കി സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു. കേസ് അട്ടിമറിക്കുന്ന നിലപാടാണ് എ.ജി സ്വീകരിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി.

എ.ജിയുടെ സര്‍ക്കാര്‍ നിലപാടല്ലെന്ന് ജലവിഭവമന്ത്രി പി.ജെ ജോസഫ് പറഞ്ഞു. എ.ജി പറഞ്ഞതില്‍ അപക്വമായെന്തെങ്കിലുമുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എ.ജിയെ ഉടന്‍ നീക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. എ.ജി കോടതിയില്‍ സ്വീകരിച്ചത് സര്‍ക്കാര്‍ നിലപാടാണെന്നും ഉമ്മന്‍ ചാണ്ടി കേരളത്തെ ഒറ്റുകൊടുക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

എ.ജിയെ പുറത്താക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംസ്ഥാന താത്പര്യത്തിന് എതിരായ കാര്യങ്ങള്‍ പറഞ്ഞ എ.ജിയെ ഒഴിവാക്കണമെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍ എയും ആവശ്യപ്പെട്ടു. എ.ജിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. നിലപാട് തിരുത്താത്ത പക്ഷം എ.ജിയെ സ്ഥാനത്ത് നിന്ന് നീക്കണണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതില്‍ എ.ജി പരാജയപ്പെട്ടുവെന്ന് വി.എം സുധീരന്‍ പ്രതികരിച്ചു.

എ.ജിയുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നു മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. അഡ്വക്കറ്റ് ജനറലിനെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നു വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ പ്രതികരിച്ചു.

സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു. എ.ജിയുടെ നിലപാട് അത്ഭുതകരമെന്ന് ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

എ.ജിക്കെതിരെ നടപടിയെടുക്കണമെന്നു റോഷി അഗസ്റ്റിന്‍ എം.എല്‍.എയും ജനവികാരത്തിനെതിരെ നില്‍ക്കുന്ന നിലപാടാണ് എ.ജി സ്വീകരിച്ചതെന്നു കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരും പ്രതികരിച്ചു.

Malayalam News
Kerala News in English