കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ കോടതിയില്‍ നടത്തിയ വാദങ്ങള്‍ വളച്ചൊടിച്ചതാണെന്ന് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി. മുല്ലപ്പെരിയാര്‍ ഡാമിലെ മുഴുവന്‍ വെള്ളവും സംഭരിക്കാനുള്ള ശേഷി ഇടുക്കി ഡാമിന് ഉണ്ടെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങളില്‍ കൂടി ഇപ്പോള്‍ പ്രചരിക്കുന്നതെന്നും എ.ജി വ്യക്തമാക്കി.

കോടതിയില്‍ പറഞ്ഞ പല കാര്യങ്ങളും ഉദ്ദേശിച്ച രീതിയലല്ല വാര്‍ത്തയാകുന്നത്. അണക്കെട്ടിന് അപകടം സംഭവിച്ചാല്‍ സ്ഥിതി ഗുരുതരമാണ്. മാധ്യമങ്ങളെ കുറിച്ചു താന്‍ പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടല്ല. പൊതുവേ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരന്നിട്ടുണ്ടെന്നും ഇതിന് മാധ്യമങ്ങളും ഒരു പങ്കു വഹിച്ചിട്ടുണ്ടെന്നുമാണ് പറഞ്ഞതെന്നും ദണ്ഡപാണി വിശദീകരിച്ചു.

തമിഴ്‌നാടിനു വേണ്ടി താന്‍ വാദിച്ചിരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ല. 1996ല്‍ ഹൈകോടതി സീനിയര്‍ അഭിഭാഷകയായ തന്റെ ഭാര്യ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ വക്കാലത്ത് ഏറ്റെടുത്തിരുന്നു. കേസ് സുപ്രീംകോടതിയിലേക്ക് മാറ്റിയതിനാല്‍ ഭാര്യ കേസില്‍ ഹാജരായിരുന്നില്ലെന്ന് എ.ജി അറിയിച്ചു.

സര്‍ക്കാരിന് വേണ്ടി വാദിക്കുകയാണ് തന്റെ ഉത്തരവാദിത്തം. അത് കൃത്യമായി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും വെള്ളംതാങ്ങാനാകും: എ.ജി

Malayalam News
Kerala News in English