തിരുവനന്തപുരം: പി. ജയരാജന്‍ സ്വയം മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുന്നെന്നും ഇതിനായി സ്വന്തം ജീവിതരേഖയും നൃത്തശില്‍പവും തയ്യാറാക്കിയെന്നും സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍.

കണ്ണിനു കണ്ണായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സഖാവ് പി ജയരാജനെ കുറിച്ച് നട്ടാല്‍ കുരുക്കാത്ത എന്തൊക്കെ പച്ച നുണകളാണ് ഇവിടുത്തെ മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ പടച്ചു വിടുന്നതെന്നാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.

ജയരാജന്‍ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നതായി പാര്‍ട്ടി സ്റ്റേറ്റ് കമ്മറ്റിയില്‍ ആക്ഷേപമുണ്ടായി, സഖാവ് അതു കേട്ട് വൈകാരികമായി പ്രതികരിച്ചു, അച്ചടക്ക നടപടി ഉണ്ടാകും, വിഷയം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും എന്നൊക്കെയാണ് ഓരോരുത്തരും ഭാവനക്കൊത്ത വിധം തട്ടിമൂളിച്ചിരിക്കുന്നത്.

ജയരാജന്റെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ടവരാണ് ഈ നീക്കത്തിനു പിന്നിലെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ധീരസഖാവാണ് പി ജയരാജന്‍.

പാര്‍ട്ടിക്കു ജില്ലാ സെക്രട്ടറിമാര്‍ 13പേര്‍ വേറെയുമുണ്ടെങ്കിലും ജയരാജനായി ജയരാജന്‍ മാത്രമേയുളളൂ. അത് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സകലയാളുകള്‍ക്കും അറിയാം. അവര്‍ ചിലപ്പോള്‍ ഫ്‌ലക്‌സ് ബോര്‍ഡ് വെച്ചു പുഷ്പാര്‍ച്ചനയോ ഭജനയോ നടത്തിക്കാണും. അതെങ്ങനെ വ്യക്തിപൂജയാകും?

ഒരിക്കലും സ്വയംമഹത്വവല്‍ക്കരിക്കുന്ന ആളല്ല, ജയരാജന്‍. ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തെ വ്യക്തിപൂജയായി തെറ്റിദ്ധരിക്കാന്‍ മാത്രം സൈദ്ധാന്തിക ജ്ഞാനം ഇല്ലാത്തവരല്ല സംസ്ഥാന കമ്മിറ്റിയിലെ ബാക്കി സഖാക്കള്‍.

സഖാവ് ജയരാജനെ അവഹേളിക്കുക വഴി, പാവങ്ങളുടെ പാര്‍ട്ടിയെ കുറിച്ചു തെറ്റിദ്ധാരണ പരത്തുകയാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍. ഇതിനു പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ദേശീയ ബൂര്‍ഷ്വാസിയും മറ്റു ഫാസിസ്റ്റു പിന്തിരിപ്പന്‍ മൂരാച്ചികളുമുണ്ട്. ജാഗ്രത!