തിരുവനന്തപുരം: കായല്‍ നികത്തി സ്വന്തം ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം ശരിവെച്ചുകൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ വിഷയത്തില്‍ നിയമോപദേശത്തിന് ശേഷം നടപടിയെടുക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.

അഡ്വ ജനറലിന്റെ നിയമോപദേശവും വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ടും ചാണ്ടിച്ചായന് അനുകൂലമായിരിക്കുമെന്നും അതുകൊണ്ട് രാജി വേണ്ട, നിയമസഭയുടെ കാലാവധി തീരുംവരെ മന്ത്രിയായി തുടരാമെന്നായിരിക്കാം ഇനി സര്‍ക്കാര്‍ പറയാന്‍ പോകുന്നതെന്നും ജയശങ്കര്‍ പറയുന്നു.

മധ്യതിരുവിതാംകൂറിലെ കുപ്രസിദ്ധനായ ഒരു മതമേലധ്യക്ഷന്‍ ചാണ്ടിക്കു വേണ്ടി ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പണത്തിന്റെ മീതെ പരുന്തല്ല പാര്‍ട്ടിയും പാതിരിയും പറക്കില്ലെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തോമസ് ചണ്ടിക്കെതിരായ നടപടി തീരുമാനിക്കുന്നതിനായി സി.പി.ഐ.എം സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നെങ്കിലും തോമസ് ചാണ്ടി വിഷയത്തില്‍ യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടായിരുന്നില്ല. നിയമോപദേശം ലഭിച്ചതിനു ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് യോഗത്തിലുണ്ടായിരിക്കുന്ന ധാരണ.

തോമസ് ചാണ്ടിക്കതിരെ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയിരുന്നു. ഇതില്‍ നിയമോപദേശം വരും വരെ കാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

തോമസ് ചണ്ടിക്കെതിരായ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയല്ല മറിച്ച് സര്‍ക്കാരാണെന്നും സി.പി.ഐ.എം സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

മന്ത്രി നിലം നികത്തിയെന്ന റിപ്പോര്‍ട്ട് മുന്നണിയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സിപിഐ എടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുവൈറ്റ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവും നിയമലംഘനവും സംബന്ധിച്ച ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ തല്ക്കാലം നടപടി വേണ്ട, അഡ്വ ജനറലിന്റെ അഭിപ്രായം അറിയും വരെ കാത്തിരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

അഡ്വ ജനറലിന്റെ നിയമോപദേശവും വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ടും ചാണ്ടിച്ചായന് അനുകൂലമായിരിക്കും. അതുകൊണ്ട് രാജി വേണ്ട, നിയമസഭയുടെ കാലാവധി തീരുംവരെ മന്ത്രിയായി തുടരാം.

മധ്യതിരുവിതാംകൂറിലെ കുപ്രസിദ്ധനായ ഒരു മതമേലധ്യക്ഷന്‍ ചാണ്ടിക്കു വേണ്ടി ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പണത്തിന്റെ മീതെ പരുന്തല്ല പാര്‍ട്ടിയും പാതിരിയും പറക്കില്ല.
രക്തസാക്ഷികള്‍ സിന്ദാബാദ്!
രക്തപതാക സിന്ദാബാദ്!
രക്തപതാകത്തണലില്‍ വിരിയും
കുവൈറ്റ് ചാണ്ടി സിന്ദാബാദ്!