വാരാണസി: താന്‍ രഥയാത്ര നടത്തുന്നത് പ്രശസ്തിക്കു വേണ്ടിയല്ലെന്ന് എല്‍.കെ. അദ്വാനി. എന്നെയോ എന്റെ പാര്‍ട്ടിയെയോ ഉയര്‍ത്തിക്കാട്ടാനല്ല രഥയാത്ര നടത്തുന്നതെന്നും അഴിമതി മൂലം ആശയറ്റ ജനങ്ങളില്‍ ആത്മവിശ്വാസം ഉണര്‍ത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് അദ്വാനി ഇങ്ങനെ പറഞ്ഞത്.

അഴിമതി പുറത്തു വന്നതെല്ലാം സര്‍ക്കാര്‍ വഴിയായിരുന്നു, സര്‍ക്കാര്‍ മുഖേന ആയിരുന്നില്ല. വിദേശബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ പാവങ്ങള്‍ക്കായി വികസന പദ്ധതികള്‍ ആരംഭിക്കുന്നതിനു തടസമൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe Us:

അതേസമയം, ഉത്തര്‍പ്രദേശിലെ മുഗള്‍ സാരായിയില്‍ ജന്‍ ചേതനാ യാത്ര നയിക്കുന്ന എല്‍.കെ. അദ്വാനിക്ക് വേദി നിഷേധിച്ചു. റെയില്‍വേയുടെ അധീനതയിലുള്ള മൈതാനത്ത് പൊതുയോഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. രാഷ്ട്രീയ യോഗങ്ങള്‍ക്ക് മൈതാനം നല്‍കാനാവില്ലെന്ന് റെയില്‍വേ അറിയിക്കുകയായിരുന്നു.

നേരത്തെ അദ്വാനിയുടെ ശീതീകരിച്ച രഥത്തില്‍ (ബസ്സില്‍) കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നതിനാല്‍ സുഷമാ സ്വരാജിനും അരുണ്‍ ജയ്റ്റ്‌ലിക്കും ശാരീരിക അസ്വാസ്ഥ്യമുണ്ടായി. രഥത്തിന്റെ പിന്‍ഭാഗത്ത് ഇരിക്കുകയായിരുന്ന ഇരുവര്‍ക്കും വൈദ്യസഹായം നല്‍കി. വഴിമധ്യെ ഇവര്‍ ഇറങ്ങുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് അദ്വാനിക്ക് കര്‍ണാടകയില്‍നിന്ന് പുതിയ രഥം എത്തിച്ചു. ആദ്യരഥത്തിന്റെ അറ്റകുറ്റപ്പണികള്‍ പട്‌നയില്‍ തുടരുകയാണ്. 13.9 അടി ഉയരമുള്ള രഥം കഴിഞ്ഞ ദിവസം 13 അടി ഉയരമുള്ള റെയില്‍വേപാലത്തില്‍ കുടുങ്ങിയതും പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു.