ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ എല്‍.കെ അദ്വാനി. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെടുമെന്നും ബി.ജെ.പി സംഘം പ്രധാനമന്ത്രിയെ ഉടന്‍ കാണുമെന്നും അദ്വാനി അറിയിച്ചു.

ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗിനു ശേഷമാണ് അദ്വനി ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി എം.പിമാരുടെ പ്രതിനിധി സംഘത്തെയാണ് ഇതിനായി അയക്കും.

തീരുമാനങ്ങളെടുക്കുന്ന കാര്യത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്തംഭനാവസ്ഥ മുല്ലപ്പെരിയാന്‍ പ്രശ്‌നത്തെയും ബാധിച്ചിരിക്കുകയാണ്. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കാന്‍ പ്രധാനമന്ത്രി വേണ്ടത്ര താല്‍പര്യം കാട്ടുന്നില്ലെന്ന് അഡ്വാനി കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാര്‍ മേഖലയില്‍ അടുത്തകാലത്ത് 26 ഭൂചലനങ്ങള്‍ ഉണ്ടായത് അതീവ ഗൗരവത്തോടെ കാണണം. അണക്കെട്ടു നിര്‍മിക്കുമ്പോള്‍ തമിഴ്‌നാടിനു നല്‍കിക്കൊണ്ടിരിക്കുന്ന ജലത്തിന്റെ അളവില്‍ കുറവുവരാന്‍ പാടില്ലെന്നും അഡ്വാനി പറഞ്ഞു.