എഡിറ്റര്‍
എഡിറ്റര്‍
അദ്വാനി ഗാന്ധിനഗറില്‍ നിന്ന് തന്നെ മത്സരിക്കും
എഡിറ്റര്‍
Thursday 20th March 2014 8:54pm

modi-advani

ന്യൂദല്‍ഹി: ഒടുവില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കാമെന്ന് എല്‍.കെ അദ്വാനി സമ്മതമറിയിച്ചു. 1991 മുതല്‍ ഗാന്ധിനഗറില്‍ നിന്നുള്ള എം.പിയായ താന്‍ ഈ തിരഞ്ഞെടുപ്പിലും ഗാന്ധിനഗറില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനിച്ചുവെന്ന് പത്രക്കുറിപ്പിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു.

മുതിര്‍ന്ന നേതാവായ അദ്വാനിക്ക് അദ്ദേഹത്തിന് ഇഷ്ടമുള്ള മണ്ഡലത്തില്‍ മത്സരിക്കാമെന്ന പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് അദ്വാനി തന്റെ നിലപാട് വ്യക്തമാക്കിയത്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കണമെന്ന അദ്വാനിയുടെ ആവശ്യം ബി.ജെ.പി. തിരഞ്ഞെടുപ്പുസമിതി യോഗം തള്ളിയിരുന്നുവെങ്കിലും മത്സരിക്കുന്നെങ്കില്‍ ഭോപ്പാലില്‍ നിന്ന് മാത്രമെന്ന നിലപാടിലായിരുന്നു അദ്വാനി.

ഇതേത്തുടര്‍ന്ന് നരേന്ദ്ര മോഡിയടക്കമുള്ള നേതാക്കള്‍ അദ്വാനിയെ കണ്ട് ഗാന്ധിനഗറില്‍ തന്നെ മത്സരിക്കണമെന്നും പാര്‍ട്ടി നിലപാട് അംഗീകരിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

Advertisement