എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും ഗാന്ധി നഗര്‍ തന്നെ, അതൃപ്തി അറിയിച്ച് അദ്വാനി; മോഡിയുടെ രണ്ടാം മണ്ഡലം വഡോദര
എഡിറ്റര്‍
Wednesday 19th March 2014 8:23pm

advani-and-modi

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ഗാന്ധി നഗറില്‍ നിന്ന് തന്നെ ജനവിധി തേടാന്‍ ബി.ജെ.പി യോഗത്തില്‍ തീരുമാനമായി.

അതേ സമയം ഗാന്ധി നഗറില്‍ നിന്ന് മത്സരിക്കണമെന്ന പാര്‍ട്ടി തീരുമാനത്തില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി അതൃപ്തി അറിയിച്ചെന്ന് സൂചന.

പാര്‍ട്ടിയുടെ തീരുമാനം മുതിര്‍ന്ന നേതാക്കളായ സുഷമ സ്വരാജും നിതിന്‍ ഗഡ്ക്കരിയും ചേര്‍ന്ന് അദ്വാനിയെ അറിയിച്ചപ്പോളാണ് അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചത്.

അദ്വാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുഷമ സ്വരാജും നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ച് അദ്വാനിയുടെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ഗാന്ധി നഗര്‍ മണ്ഡലം വേണ്ടെന്നായിരുന്നു അദ്വാനിയുടെ നിലപാട്. ഭോപ്പാലില്‍ നിന്ന് മത്സരിക്കാനുള്ള അദ്വാനിയുടെ ആഗ്രഹം ബി.ജെ.പി അറിയിച്ചിരുന്നു. എന്നാല്‍  ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ഉള്‍പ്പടെയുള്ളവരുടെയും പാര്‍ലിമെന്ററി ബോര്‍ഡിന്റെയും തിരഞ്ഞെടുപ്പ് സമിതിയുടെയും ഭൂരിപക്ഷ അഭിപ്രയത്തെ തുടര്‍ന്നാണ് അദ്വാനിയുടെ മണ്ഡലത്തില്‍ തീരുമാനമായത്.

അദ്വാനിയുടെ അഭാവത്തിലാണ് ബി.ജെ.പി യോഗം ചേര്‍ന്നത്. അതേസമയം ഭോപ്പാല്‍ മണ്ഡലത്തില്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

അതേ സമയം നരേന്ദ്ര മോഡി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലത്തിന്റെ കാര്യത്തിലും തീരുമാനമായി. ഉത്തര്‍പ്രദേശിലെ വാരാണസിക്ക് പുറമെ ഗുജറാത്തിലെ വഡോദരയിലാണ് മോഡി മത്സരിക്കുക. ദല്‍ഹിയില്‍  ചേര്‍ന്ന ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മണ്ഡലങ്ങള്‍ സംബന്ധിച്ച് തീരുമാനമായത്.

16 വര്‍ഷമായി ഗാന്ധിനഗറിലെ സിറ്റിങ് എം പിയാണ് അദ്വാനി. അദ്ദേഹം ഇത്തവണയും ഗാന്ധിനഗറില്‍ത്തന്നെ മത്സരിക്കണമെന്ന് ഗുജറാത്തിലെ ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

നരേന്ദ്ര മോഡിയുടെ ഉദയം കണ്ട ഗോവ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനു ശേഷം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെച്ച എല്‍ കെ അദ്വാനി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പാര്‍ലമെന്റി ബോര്‍ഡ് യോഗവും ബഹിഷ്‌ക്കരിച്ച് തന്റെ നിലപാട് പരസ്യമാക്കിയിരുന്നു.

എന്നാല്‍ മോഡിയെ മുന്നില്‍ നിര്‍ത്തുന്ന തീരുമാനത്തിന് പിന്നീട് അദ്വാനി വഴങ്ങുകയായിരുന്നു. ബി.ജെ.പിയില്‍ അദ്വാനി യുഗം അവസാനിച്ചു എന്ന വിലയിരുത്തലിനോട് യോജിക്കുന്നതല്ല പാര്‍ലമെന്ററി ബോര്‍ഡ് എടുത്ത തീരുമാനം.

Advertisement