ബീഹാര്‍: എന്‍.ഡി.എ വര്‍ക്കിങ് ചെയര്‍മാന്‍ എല്‍.കെ. അദ്വാനിയുടെ ജനചേതനാ രഥയാത്രയ്ക്ക് തുടക്കമായി. രാവിലെ 10.50 ഓടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ബിഹാറില്‍ ജയപ്രകാശ് നാരായണന്റെ ജന്മസ്ഥലമായ സിതാബ്ദിയാരയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. നവംബര്‍ 20നു ദല്‍ഹിയില്‍ രഥയാത്ര സമാപിക്കും.

ജനാധിപത്യ രാഷ്ട്രത്തില്‍ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ പൗരസമൂഹത്തേക്കാള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഉത്തരവാദിത്തമുള്ളതെന്നും അതിനാലാണ് രഥയാത്ര നടത്തുന്നതെന്നും എല്‍.കെ അദ്വാനി പ്രതികരിച്ചു. രഥയാത്രയില്‍ അഴിമതിയും കള്ളപ്പണവിഷയവുമാണ് മുഖ്യപ്രചാരണ വിഷയം. കാര്യക്ഷമമായ ലോക്പാല്‍ സംവിധാനമുണ്ടാകാന്‍ താനും പാര്‍ട്ടിയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം തിരിച്ചു പിടിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ക്കു കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യാത്രയില്‍ പ്രചാരണം നടത്തും. സ്വിസ് ബാങ്കുകളിലെ നിക്ഷേപകരുടെ പേരുവിവരം സര്‍ക്കാര്‍ വെളിപ്പെടുത്തണം. വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചു സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു. ഉന്നത നീതിപീഠത്തിനെതിരായ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ രൂപീകരണ ആവശ്യവും യാത്രയില്‍ ഉന്നയിക്കും.