Categories

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും വെള്ളംതാങ്ങാനാകും: എ.ജി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാനാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇടുക്കിയിലെ ജലനിരപ്പ് കുറച്ചുകൊണ്ടാവും സര്‍ക്കാര്‍ ക്രമീകരണം നടത്തുകയെന്നും അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി അറിയിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പും ജനങ്ങളുടെ ആശങ്കയും തമ്മില്‍ ബന്ധമില്ലെന്ന് ഹൈക്കോടതിയില്‍ എ.ജി പറഞ്ഞു. ഡാമിന്റെ പഴക്കമാണ് ഭീഷണിയുയര്‍ത്തുന്നത്. ഇടുക്കിയിലെ ജലനിരപ്പ് സര്‍ക്കാര്‍ താഴ്ത്തികൊണ്ടുവരികയാണ്. ജനങ്ങളെ അനാവശ്യമായി ഭീതിവളര്‍ത്തുന്നത് മാധ്യമങ്ങളാണെന്നും എജി വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ തടയാനായി സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ വെള്ളം അറബിക്കടലിലേക്ക് ഒഴുകിപ്പോകുമെന്നും എ.ജി പറഞ്ഞു. എന്നാല്‍ എ.ജിയുടെ വാദത്തില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ വെള്ളം എത്രനേരം കൊണ്ട് ഇടുക്കി ഡാമിലെത്തുമെന്നും അവിടെ നിന്ന് എത്രനേരം കൊണ്ട് അറബിക്കടലില്‍ എത്തുമെന്നും അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി ഹൈക്കോടതിയില്‍ എജി നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. കോടതിയിലെ എ.ജിയുടെ നിലപാടില്‍ മുല്ലപ്പെരിയാര്‍ സമരസമിതി പ്രതിഷേധം അറിയിച്ചു. കേരളത്തിനെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഡ്വക്കറ്റ് ജനറലിനെ മാറ്റണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. എ.ജി തമിഴ്‌നാടിന്റെ താല്‍പര്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

എ.ജി ഇത്തരത്തില്‍ പറയുമെന്ന് കരുതുന്നില്ലെന്നു മുഖ്യമന്ത്രി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മാധ്യമങ്ങള്‍ ആശങ്കയുണ്ടാക്കിയെന്ന നിലപാടിനോട് യോജിക്കുന്നില്ല. കേരളത്തിലുണ്ടായിരിക്കുന്നത് യഥാര്‍ത്ഥ പരിഭ്രാന്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Malayalam News

Kerala News in English

5 Responses to “മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും വെള്ളംതാങ്ങാനാകും: എ.ജി”

 1. jai

  അപ്പോള്‍ ഇടുക്കിയില്‍ പെരിയാറിന്റെ കരയിലുല്ലവരെല്ലാം വെറും മാക്രികള്‍ .. വെറും വരാലുകള്‍. അതുമല്ലെങ്കില്‍ വെറും വന്യമൃഗങ്ങള്‍ .. എല്ലാം ഒഴുകിപോട്ടെ ..

 2. ശുംഭന്‍

  മറ്റു നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തമിള്‍ നാട്ടില്‍ നിന്നും കൊടുത്തിരുന്നതുപോലെ ഒരു വീതം എ.ജി ക്കും കൊടുത്തു. കിട്ടിയതിന്റെ കൂറ് കാണിക്കാതിരിക്കാന്‍ പറ്റുമോ?

 3. gk

  കേരളത്തിന്റെ നിലപാടല്ലെങ്കില്‍ ഒരു നിമിഷം പോലും കളയാതെ impeech ചെയ്യണം

 4. sadik

  …..മോന്‍ എനിക്ക് അതെ പറയാന്‍ പറ്റു എനിക്ക് സംസക്കാരം കുറവാ പക്ഷെ മനുഷതം ഉണ്ട് കുറച്ചു കൂടുതല്‍

 5. KP ANIL

  ഇയാള്‍ കോടതിയില്‍ പറഞ്ഞത് സത്യം തന്നെ ആണ് എന്നാല്‍ എങ്ങനെ സംഭവിച്ചാല്‍ എത്ര മനുഷ്യര്‍ മരണപെടും എന്നാ കാര്യം കുടി പറഞ്ഞാല്‍ കൊള്ളം അതോ മലയാളിക്ക് വിലയില്ലേ ? വെള്ളം കുത്തി ഒഴുകി വരുമ്പോള്‍ പാവങ്ങള്‍ എന്നോ പണക്കാരന്‍ എന്നോ നോട്ടം ഇല്ലാതെ എല്ലാം തകര്‍ത്തു കളയും ഒപ്പം കോടാനുകോടി രൂപയുടെ നഷ്ടവും ഇതൊന്നും കാണാതെ വായില്‍ തോന്നിയത് പറയാന്‍ ഇയാളെ ആരാണ് കയരുരി വിട്ടത് ???

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.