എഡിറ്റര്‍
എഡിറ്റര്‍
സുപ്രിംകോടതി വിധി ഹൈക്കോടതി ന്യായാധപന്മാര്‍ക്ക് ലഭിച്ച കനത്തപ്രഹരം: അഡ്വ. ജയശങ്കര്‍
എഡിറ്റര്‍
Thursday 31st January 2013 1:43pm

സൂര്യനെല്ലികേസില്‍ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണ്.  ഹൈക്കോടതി വിധി റദ്ദാക്കി കേസ് ആറുമാസംകൊണ്ട് കേരളഹൈക്കോടതിയില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്ന സുപ്രിം കോടതി ജസ്റ്റിസുമാരായ എ.കെ പട്‌നായിക്കും ഗ്യാന്‍ സുധാ മിശ്രയും അടങ്ങുന്ന പ്രത്യേക ബെഞ്ചിന്റെ വിധി  അപൂര്‍വ്വങ്ങളിലൊന്നാണ്.

Ads By Google

ഈ വിധി ഈ കേസ് അട്ടിമറിച്ച ഹൈക്കോടതി ജഡ്ജുമാര്‍ക്കുള്ള കനത്തപ്രഹരമാണെന്ന് പറയാതെ വയ്യ. സൂര്യനെല്ലികേസില്‍ നിയമത്തിന്റെ ഭീകരമായ ദുരുപയോഗമാണ് കേരള ഹൈക്കോടതിയില്‍  നടത്തിയതെന്ന് അന്നേ ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇത് ഏത് പുരപ്പുറത്ത് കയറി നിന്നും പറയും. പ്രഗല്‍ഭര്‍ ഏറ്റവും ഭീകരമായ രീതിയില്‍  നീതിയെ വ്യഭിചരിക്കുന്നതാണ് നാം ഹൈക്കോടതിയില്‍ കണ്ടത്. കേസ് കൈകാര്യം ചെയ്ത രണ്ട് ജഡ്ജുമാരും   ഈ അവസരത്തില്‍ ലജ്ജിക്കണം.

കേസിന്റെ ചരിത്രവും പശ്ചാത്തലവും നമുക്കറിയാം . എത്ര  നന്നായാണ് പോലീസ് ഉദ്യോഗസ്ഥന്‍ ജോഷ്വായും, സിബിമാത്യുവും ഈ കേസ് കൈകാര്യം ചെയ്തത്. പ്രോസിക്യൂഷനും വളരെ ശക്തമായിരുന്നു. സത്യസന്ധരായ സാക്ഷികള്‍, രേഖാമൂലമുളള തെളിവുകള്‍  എന്നിട്ടും നിയമത്തെ എത്രത്തോളം വളച്ചൊടിക്കാമോ അത്രയൊക്കെ വളച്ചൊടിച്ചാണ് കേസ് അട്ടിമറിച്ചത്.

ഇതിനെങ്ങിനെയാണ് രണ്ടുന്യായാധിപന്‍മാര്‍ക്കും ധൈര്യമുണ്ടായതെന്നത് ആശ്ചര്യമാണ്. ഈ കേസിന്റെ രണ്ട് ജഡ്ജസുമാരിലൊരാള്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. അദ്ദേഹം ഈ സാഹചര്യത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.

ഈ കേസില്‍ നിയോഗിക്കപ്പെട്ട ന്യായാധിപന്മാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍മാറിയിരുന്നു. പക്ഷെ പിന്നീട് വന്ന ജസ്റ്റിസ് അബ്ദുല്‍ഗഫൂര്‍, ജസ്റ്റിസ് ബസന്തുമാണ് നീചമായ വിധിപ്രസ്താവിച്ചത്. ഇതില്‍ ക്രിമിനല്‍ നിയമങ്ങളത്രയും അരച്ചുകലക്കി കുടിച്ചയാളാണ് ബസന്ത്. അദ്ദേഹമാണ് ഇത്തരത്തില്‍ പെരുമാറിയത്.

ഇത്തരം കേസുകള്‍ കോടതിയില്‍  വളരെ അലംഭാവത്തോടെയാണ് കൈകാര്യം ചെയതത്. ദല്‍ഹിയില്‍ നടന്ന ആ പൈശാചിക സംഭവത്തിന്റെ സാഹചര്യമുണ്ടായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ സുപ്രിം കോടതിയിലും ഈ അട്ടിമറി പ്രതീക്ഷിക്കാമായിരുന്നു. പ്രഗല്‍ഭരായ പോലീസ് ഉദ്യോഗസ്ഥര്‍ ജോഷ്വാ, സിബി മാത്യു എന്നിവര്‍ വളരെനന്നായാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഏറ്റവും സത്യസന്ധമായ രീതിയിലാണ് സാക്ഷികളും പെണ്‍കുട്ടിയ്‌ക്കൊപ്പം നിന്നത്. പെണ്‍കുട്ടിയെ മുപ്പതോ, നാല്‍പതോ ദിവസം വിസ്താരം നടത്തി. എന്നിട്ടും മൊഴിയില്‍ യാതൊരു വിധത്തിലും മാറ്റങ്ങളുണ്ടായിരുന്നില്ല.

പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങളെല്ലാം കോടതി അംഗീകരിച്ചു. എന്നിട്ടാണ് പൈശാചികമായ തരത്തില്‍ കോടതി പെരുമാറിയത്. ഉഭയകക്ഷിസമ്മതത്തോടെയുള്ള ലൈംഗികവേഴ്ചയായി ന്യായികരിച്ചുകൊണ്ട് കേസിലെ ഒരു പ്രതിയെ മാത്രം ശിക്ഷിച്ചുകൊണ്ട് മറ്റുള്ളവരെ വെറുതെ വിട്ടത് കേരളജനത കണ്ടതാണ്.

മരണാസന്നമായ നിലയിലാണ് പെണ്‍കുട്ടിയെ പോലീസ് അന്ന് കണ്ടെടുത്തത്. പ്രതികളെന്നു പറയുന്ന കശ്മലന്‍മാര്‍ പിച്ചിച്ചീന്തിയ ഈ കുട്ടിയാണ് സ്വന്തം താല്‍പ്പര്യപ്രകാരം ലൈംഗിക വേഴ്ചനടത്തിയതെന്ന് കോടതി വിധിച്ചത്.

ഒരു ഇരയോട് ഇത്രയും നിഷ്ഠൂരമായ തരത്തില്‍ പെരുമാറാന്‍ ന്യായാധിപന്മാര്‍ക്കുള്ള സമ്മര്‍ദ്ദമെന്തായിരുന്നുവെന്ന് ഈ അവസരത്തിലെങ്കിലും വെളിപ്പെടുത്തണം. കാരണം ക്രിസ്മസ് അവധിയ്ക്ക് മുമ്പ് വരെ നല്ല നിലയിലാണ് ഹൈക്കോടതിയില്‍ ഈ കേസ് ന്യായാധിപര്‍ കൈകാര്യം ചെയ്തിരുന്നത്.

ക്രിസ്മസ് അവധിയ്ക്കുശേഷം ചേര്‍ന്ന കോടതിയില്‍ കാര്യങ്ങളാകെ തകിടം മറിയുന്നതാണ് നാം കണ്ടത്. ക്രിസ്മസ് അവധിയെ തുടര്‍ന്ന്  ജഡ്ജസിന് മാനസാന്തരം വന്നതായിരിക്കും.  ഇതിന് ശേഷമാണ് ഇത്തരത്തിലുള്ള പൈശാചികമായ വിധി പ്രഖ്യാപിക്കപ്പെട്ടത്.

അക്കാലയളവിലാണ് കുര്യന്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആകെയുള്ള പ്രതിനിധിയായിരുന്നു കുര്യന്‍ . ജയിച്ചാല്‍ കേന്ദ്രമന്ത്രിസ്ഥാനം വരെ അലങ്കരിക്കുമായിരുന്നു കുര്യന്‍.

അതേ സമയത്ത് നടന്ന ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടിരുന്നതും ഈ അവസരത്തിലാണെന്നതും ഓര്‍ക്കണം. കുര്യന് വേണ്ടി അന്ന് ഹാജരായ അഡ്വ.രാംകുമാര്‍ പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ചതു കേട്ടു. സുപ്രിംകോടതി വിധി സംശയാസ്പദമാണെന്നാണ് പ്രതികരിച്ചത്. രാംകുമാറിന് എന്തുവിഡ്ഢിത്വവുംപറയാന്‍ അവകാശമുണ്ട്. അദ്ദേഹം കുര്യന്റെ മാത്രമല്ല ജേക്കബ്സ്റ്റീഫന്റെയും വക്കീലായിരുന്നല്ലോ?

ആദ്യഘട്ടത്തില്‍ തന്നെ പ്രതികളെയെല്ലാം അറസ്റ്റുചെയ്തിരുന്നു. ആ നാല്‍പത് പേരില്‍ ചിലര്‍ ഇന്ന് ജീവിച്ചിരിക്കുന്നില്ല.രാജുവെന്ന ബസ്ജീവനക്കാരനാണ് കുട്ടിയെ കടത്തികൊണ്ടുപോയത്. രാജുവിനെ അന്ന് തന്നെ പോലീസ് പിടിച്ചെങ്കിലും പക്ഷെ ചോദ്യംചെയ്യലില്‍ അയാള്‍ അന്ന് അത് സമ്മതിച്ചില്ല .

അതാണ് പിന്നീടുണ്ടായ ഈ പീഢനപരമ്പരകള്‍ക്ക് ഇടയാക്കിയത്. അപ്പോള്‍ തന്നെ പോലീസ് നല്ലനിലയില്‍ തന്നെ കൈകാര്യം ചെയ്തിരുന്നതെങ്കില്‍ ഇങ്ങിനെ സംഭവിക്കില്ലായിരുന്നു രാജുവിന്റെ പിന്നില്‍ ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവാണ്.

ഇയാളാണ് അന്ന് രാജുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതും. ആന്റണി കോണ്‍ഗ്രസിന്റേതായിരുന്നു ഭരണം. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നാല്‍പത് പേരെയും പ്രതിപട്ടികയില്‍ പോലീസ് ചേര്‍ത്തത്. നാല്‍പ്പത് പേരുടെയും വിചാരണ ജഡ്ജ് ശശിധരന്‍ നമ്പ്യാരായിരുന്നു.  ധര്‍മരാജനെ നാലു മുതല്‍ പതിനൊന്ന് കൊല്ലത്തേക്ക് ശിക്ഷിച്ചു. പക്ഷെ ജാമ്യത്തിലിറങ്ങി ധര്‍മരാജന്‍ മുങ്ങുകയായിരുന്നു, തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഒരു പാറമടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

സങ്കടമെന്താണെന്നാല്‍ ധര്‍മരാജന്‍ ഒരു അഭിഭാഷകനാണ്. ഒരു എസ്.എഫ്.ഐക്കാരനുമാണ്. ശ്രീമതി ടീച്ചര്‍ അപ്പുറത്തുണ്ടാകുമെന്നാണ് കരുതുന്നത്. ആരേയും കുറ്റപ്പെടുത്തിയതല്ല. എല്ലാ പാര്‍ട്ടികളുടെയും നയപരിപാടി ഒന്നാണെന്നാണ് പറഞ്ഞത്.

ഈ വിവരം അറിയാമായിരിക്കുമല്ലോ അല്ലെ?  ധര്‍മരാജന്റെ കുടുംബം തന്നെ ഒരു അഭിഭാഷകകുടുംബമാണ്. അത് കൊണ്ടാണോ എന്നറിയില്ല ജാമ്യത്തിലിറങ്ങി മുങ്ങിയ ജീവപര്യന്തക്കാരന രണ്ടാംവിചാരണയിലും വീണ്ടും ജാമ്യം നല്‍കാന്‍ ശശിധരനു ശേഷം വന്ന ജഡ്ജ് തയ്യാറായി.

ജീവപര്യന്തമുള്ള പ്രതികള്‍ക്ക് സാധാരണഗതിയില്‍ ജാമ്യം കിട്ടാറില്ല. എന്നിട്ടും ജാമ്യത്തില്‍മുങ്ങിയ പ്രതിക്ക് വീണ്ടും ജാമ്യം നല്‍കിയത് ധര്‍മരാജന്റെ നാട്ടുകാരനും രണ്ട്‌പെണ്‍കുട്ടികളുടെ പിതാവുമായ ന്യായാധിപനാണെന്നതും നാം ഓര്‍ക്കണം.

വട്ടക്കുഴിയ്ക്ക് ചതുരക്കുറ്റിയെന്ന പോലെയാണ് നമ്മുടെ നീതിപീഠം. കോടതിയുടെ പ്രതിഭദ്രത ആരോടാണ്. ഇന്ത്യന്‍ പീനല്‍കോഡിനോടാണ്, ഇന്ത്യന്‍ ഭരണഘടനയോടാണെന്ന് പറഞ്ഞാലും മറ്റുരീതിയിലുള്ള സമ്മര്‍ദ്ദങ്ങള്‍ കോടതിയ്ക്കുണ്ടായിരുന്നാലും ഇതെല്ലാം ശരിയാണോയെന്ന് ഇപ്പോള്‍ ഈ കേസിന്റെ വിധിപ്രസ്താവിച്ചിരുന്ന ജീവിച്ചിരിക്കുന്ന ജഡ്ജ് വ്യക്തമാക്കണം. ചിലപ്പോള്‍ പ്രതികളില്‍ പലരും ബലാത്സംഗമാണെന്നറിയാതെയായിരിക്കാം ഇങ്ങിനെ ചെയ്തതെന്ന് പറഞ്ഞാല്‍ പോലും  പക്ഷെ ഇവരേക്കാള്‍ ക്രൂരന്മാരാണ് ഈ കേസിലെ രണ്ട് ജഡ്ജുമാരെന്നും പറയാതെ വയ്യ.

ഹൈക്കോടതിയുടെ വിധി നിന്ദ്യവും, നീചവും നിഷ്ഠൂരവും ആണ് ഇത്‌പോലെയുള്ള വിധികള്‍ പൊളിക്കണം. സുപ്രിം കോടതിയാണ് ഹൈക്കോടതിയെ പോലെ വിധി പ്രസ്താവിച്ചാല്‍ പോലും പ്രതിഷേധം രേഖപ്പെടുത്താന്‍ നമ്മള്‍ തയ്യാറാകണം.

പണ്ട് ഡിസംബര്‍ ഏഴിന് റൂസ്‌വെല്‍ട്ട് പ്രഖ്യാപിച്ച പോലെ ഇരുളടഞ്ഞ ദിനമെന്നാണ് സൂര്യനെല്ലി കേസിലെ ഹൈക്കോടതി വിധിവന്ന ജനുവരി ഇരുപതിനെ അഭിഭാഷകനായ ഞാന്‍ വിശേഷിപ്പിക്കുന്നത്.

(അഡ്വ.ജയശങ്കറിന്റെ ചാനല്‍ അഭിമുഖത്തില്‍ നിന്ന്)

Advertisement