കൊച്ചി: സ്വാശ്രയ കോളേജുകളില്‍ എം.ബി.ബി.എസിന് പ്രതിവര്‍ഷം 11 ലക്ഷം രൂപയിടാക്കാമെന്ന കോടതിവിധിയില്‍ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. സര്‍ക്കാര്‍ വക്കീല്‍ ഉരുണ്ട് കളിച്ചത് കൊണ്ടാണ് ഇത്തരത്തിലൊരു വിധി സ്വാശ്രയ മാനേജ്‌മെന്റുകള്‍ നേടിയെടുത്തതെന്ന് അദ്ദേഹം പറയുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സ്വാശ്രയ വിഷയത്തില്‍ ജയശങ്കര്‍ പ്രതികരണം രേഖപ്പെടുത്തിയത്. കോടതി വിധി ഇടതു മുന്നണി സര്‍ക്കാരിനോ വിപ്ലവ പാര്‍ട്ടിക്കോ തിരിച്ചടിയല്ല എന്നു പറഞ്ഞാണ് ജയശങ്കര്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. നമ്മള്‍ ചെയ്യാന്‍ ആഗ്രഹിച്ച കാര്യമാണ് കോടതി ഇപ്പോള്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.


Also Read: ഏക സിവില്‍ കോഡ് ഇസ്‌ലാമിക ശരീഅത്ത് വിരുദ്ധം; നടപ്പക്കാന്‍ അനുവദിക്കില്ല: മുസ്‌ലിം ലീഗ്


സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസിന് ഈ വര്‍ഷം പരമാവധി 11 ലക്ഷം രൂപവരെ
ഈടാക്കാമെന്നായിരുന്നു സുപ്രീം കോടതി വിധി. അഞ്ചു ലക്ഷം രൂപ ഉടനെ നല്‍കേണ്ട ഫീസാണെന്നും ബാക്കി ആറു ലക്ഷം രൂപ പണമായോ ബാങ്ക് ഗാരന്റിയായോ 15 ദിവസത്തിനകം നല്‍കാമെന്നുമാണ് കോടതി വിധിയില്‍ പറഞ്ഞിരുന്നത്.

പ്രതിവര്‍ഷം 11 ലക്ഷം വീതം കോഴ്‌സിനു അരക്കോടി രൂപ ചിലവു വരുന്ന സാഹചര്യത്തിലാണ് ജയശങ്കറിന്റെ പോസ്റ്റ്. ‘ഇതിലും കുറഞ്ഞ നിരക്ക് നിശ്ചയിച്ചാല്‍ പാവം സ്വാശ്രയ മുതലാളിമാര്‍ക്കു നഷ്ടം വന്നേനെ. അവര്‍ മേടിക്കല്‍ കോളേജ് പൂട്ടി മത്തിക്കച്ചോടത്തിന് പോയേനെ. അത് അറിയാവുന്നതു കൊണ്ടാണ് സര്‍ക്കാര്‍ വക്കീല്‍ ഉരുണ്ടുകളിച്ചതും ഇതുപോലെ ഒരു ഉത്തരവ് നേടിയെടുത്തതും. ഇപ്പോള്‍ പഴി കോടതിക്ക്, ലാഭം മുതലാളിമാര്‍ക്ക്, പ്രതിഷേധിക്കാനും സമരം ചെയ്യാനുമുളള അവസരം നമുക്ക്.’ അദ്ദേഹം പറയുന്നു.


Dont Miss: യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബി.ജെ.പി നേതാവിന്റെ മകന് ജാമ്യമില്ല


കാശില്ലാത്ത കുട്ടികള്‍ എം.ബി.ബി.എസിന് പോയി ആയുസ്സു പാഴാക്കാതെ സര്‍ക്കാര്‍ കോളേജില്‍ ഫീസില്ലാതെ ചേര്‍ന്ന് ബി.എയ്‌ക്കോ ബി.എസ്.സിയ്‌ക്കോ പഠിക്കട്ടെയെന്നും പറയുന്ന ജയശങ്കര്‍ കാശും പണവും ഉണ്ടാകുമ്പോള്‍ മക്കളെ സ്വാശ്രയത്തിലോ ബെര്‍മിങ്ഹാമിലോ വിട്ടു പഠിപ്പിക്കട്ടേ എന്നു പറഞ്ഞാണ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

“അല്ലാ അല്ലാ, തിരിച്ചടിയല്ല..

സ്വാശ്രയ മേടിക്കല്‍ കോളേജ് കേസിലെ സുപ്രീം കോടതി ഉത്തരവ് ഇടതു മുന്നണി സര്‍ക്കാരിനോ വിപ്ലവപ്പാര്‍ട്ടിക്കോ തിരിച്ചടിയല്ല. നമ്മള്‍ ചെയ്യാന്‍ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ കോടതി ചെയ്തിട്ടുളളത്. പ്രതിവര്‍ഷ ഫീസ് 11ലക്ഷം, കോഴ്‌സിനു മൊത്തം അരക്കോടി.

ഇതിലും കുറഞ്ഞ നിരക്ക് നിശ്ചയിച്ചാല്‍ പാവം സ്വാശ്രയ മുതലാളിമാര്‍ക്കു നഷ്ടം വന്നേനെ. അവര്‍ മേടിക്കല്‍ കോളേജ് പൂട്ടി മത്തിക്കച്ചോടത്തിന് പോയേനെ. അത് അറിയാവുന്നതു കൊണ്ടാണ് സര്‍ക്കാര്‍ വക്കീല്‍ ഉരുണ്ടുകളിച്ചതും ഇതുപോലെ ഒരു ഉത്തരവ് നേടിയെടുത്തതും. ഇപ്പോള്‍ പഴി കോടതിക്ക്, ലാഭം മുതലാളിമാര്‍ക്ക്, പ്രതിഷേധിക്കാനും സമരം ചെയ്യാനുമുളള അവസരം നമുക്ക്.

കോടതിവിധി അറിഞ്ഞ് ചില വിദ്യാര്‍ഥികള്‍ പൊട്ടിക്കരഞ്ഞു, രക്ഷിതാക്കള്‍ മോഹാലസ്യപ്പെട്ടു എന്നൊക്കെ ചില ബൂര്‍ഷ്വാ പത്രങ്ങള്‍ പറയുന്നത് പച്ചക്കളളമാണ്. കുട്ടികളും മാതാപിതാക്കളും ആനന്ദാശ്രു പൊഴിക്കുകയാണുണ്ടായത്.
അരക്കോടി എടുക്കാനില്ലാത്ത കുട്ടികള്‍ മേടിക്കല്‍ കോളേജില്‍ പഠിക്കണം എന്ന് ആഗ്രഹിക്കുന്നതേ തെറ്റാണ്; പാര്‍ലമെന്ററി അവസരവാദമാണ്. മാര്‍ക്‌സിസത്തിന് എതിരാണ്.

കാശില്ലാത്ത കുട്ടികള്‍ MBBSനു പോയി ആയുസ്സു പാഴാക്കാതെ സര്‍ക്കാര്‍ കോളേജില്‍ ഫീസേ കൊടുക്കാതെ BAക്കോ BScക്കോ നടക്കട്ടേ, എത്തപ്പൈയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കട്ടേ, പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചും ജഡ്ജിമാരെ നാടുകടത്തിയും നേതാക്കന്മാരാകട്ടേ എമ്മല്ലേമാരും മന്ത്രിമാരും ആകട്ടേ.

കാശും പണവും ഉണ്ടാകുമ്പോള്‍ മക്കളെ സ്വാശ്രയത്തിലോ ബെര്‍മിങ്ഹാമിലോ വിട്ടു പഠിപ്പിക്കട്ടേ.

വിപ്ലവം ജയിക്കട്ടേ!”