ദത്ത് എന്നാല്‍ ഒരു കുട്ടിയെ സ്ഥിരമായി നമ്മുടെ കുടുംബത്തിന്റെ ഭാഗമാക്കിമാറ്റുകയെന്നതാണ്. നിയമത്തിന്റെയും കോടതിയുടെയും സഹായത്തോടെ ഒരു കുടുംബം കുട്ടിയെ സ്വീകരിച്ച് സ്വന്തം കുട്ടയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

കുട്ടികളെ ദത്തെടുക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌ വന്ധ്യതയാണ്.  ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കുട്ടികള്‍ക്കാണ് പുതുജീവിതം ലഭിക്കുന്നത്. ഇന്ത്യയില്‍ ദത്തിന് കൃത്യമായ നിയമ നടപടികളുണ്ട്.

ദത്തെടുക്കണമെന്ന ആവശ്യമുന്നയിച്ച് ഏജന്‍സികളെ സമീപിക്കലാണ് ഇതിന്റെ ആദ്യപടി. ഈ കുടുംബത്തിന് ദത്തെടുക്കാനര്‍ഹതയുണ്ടെന്ന് തെളിയിക്കലാണ് അടുത്തപടി. അതിനായി ഒരുസാമൂഹ്യ പ്രവര്‍ത്തകന്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഇതില്‍ കുടുംബത്തിന്റെ സാമ്പത്തികം, ആരോഗ്യം, കുടുംബ പശ്ചാത്തലം, എന്നിവ പരിശോധിക്കും.

ദത്ത് നല്‍കുന്ന സ്ഥാപനത്തെ ബോധ്യപ്പെടുത്തി കഴിഞ്ഞാല്‍ പിന്നീട് ചില രേഖകള്‍ നല്‍കേണ്ടതുണ്ട്. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സസ് ഏജന്‍സി നല്‍കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. മാതാപിതാക്കളുടെ കുടുംബ പശ്ചാത്തലവും കുട്ടിയുടെ കുടുംബ പശ്ചാത്തലവും തമ്മില്‍ ഒത്തുനോക്കിയ ശേഷമാണ് പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ദമ്പതികള്‍ക്കില്ല. ദത്ത് നല്‍കുന്ന സ്ഥാപനത്തിനാണ് അതിനുള്ള അധികാരം. കൂടാതെ ഫീസായി 12,000 രൂപ സ്ഥാപനത്തിന് നല്‍കണം.