തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാരിന് രഹസ്യധാരണയില്ലെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. മാനേജ്‌മെന്റുകളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്നും അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ നാലരലക്ഷം രൂപ ഫീസായി ആവശ്യപ്പെട്ടെങ്കിലും ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഫീസ് ഘടന സംബന്ധിച്ച് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ധാരണയാകാതിരുന്ന സാഹചര്യത്തിലാണ് പുതിയ ചര്‍ച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

65% സീറ്റുകളില്‍ നാലരലക്ഷം രൂപ ഏകീകൃത ഫീസ് വേണമെന്ന പുതിയ വാദം ഇന്നലത്തെ ചര്‍ച്ചയില്‍ അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. മാത്രമല്ല സര്‍ക്കാരിന് അനുവദിച്ചിരുന്ന 50% സീറ്റുകളില്‍ 20ശതമാനത്തില്‍ മാത്രമേ കുറഞ്ഞ ഫീസ് നിരക്കില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കൂ എന്ന നിലപാടിലാണ് മാനേജ്‌മെന്റ് അസോസിയേഷന്‍. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല.