തിരുവനന്തപുരം: മകളുടെ പി.ജി പ്രവേശനം വേണ്ടെന്ന് വച്ചതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. പ്രവേശന വിഷയം ഉയര്‍ത്തി മാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്തുന്നതാണ് തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ എം.എല്‍.എയും മന്ത്രിയും ആകുന്നതിന് മുമ്പാണ് മകള്‍ക്ക് പിജിക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചത്. മാര്‍ച്ച് 14നാണ് കോളേജില്‍ അപേക്ഷ നല്‍കിയത്. മാര്‍ച്ച് 31നാണ് ടെസ്റ്റും അഭിമുഖവും നടന്നത്.

80ലക്ഷം രൂപ താന്‍ അടച്ചിട്ടുണ്ട് എന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. തന്റെ ഭാര്യയുടെ പേരിലുള്ള ബിസിനസില്‍ നിന്നും ലഭിച്ച പണമാണ് അഡ്മിഷന് വേണ്ടി നല്‍കിയിട്ടുള്ളത്. പണമടച്ച രശീതും ബേങ്കില്‍ നിന്നും പണം പിന്‍വലിച്ച രേഖകളും തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ തീരുമാനം കാരണം മകള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകുമെന്നറിയാം. എങ്കിലും പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ സംശയത്തിന് അതീതനായിരിക്കണം എന്നതിനാലാണ് ഈ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ 50% സര്‍ക്കാര്‍ സീറ്റില്‍ മാനേജ്‌മെന്റ് പ്രവേശനം നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ അടൂര്‍ പ്രകാശ് തയ്യാറിയില്ല.