തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ശക്തമായി പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

താനറിയുന്നിടത്തോളം അയാള്‍ അധോലോക നായകനോ കുറ്റവാളിയോ ചീത്തപ്രവണതക്കാരനോ ഒന്നുമല്ലെന്നും നിങ്ങളെല്ലാവരുംകൂടി എന്തിനാ അയാളെ ഇങ്ങനെയാക്കുന്നത് എന്നുമായിരുന്നു അടൂരിന്റെ ചോദ്യം.

നിങ്ങള്‍ക്ക് എന്തധികാരമാണുള്ളത്, മാധ്യമങ്ങളാണെന്നു പറഞ്ഞ്? പറഞ്ഞുപറഞ്ഞ് ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. അയാള്‍ പോകുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുകയാണ്. അവരെന്തറിഞ്ഞിട്ടാണ്? ജനത്തെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. അതു കോടതിയെപ്പോലും സ്വാധീനിക്കും. തെറ്റാണത്.


Dont Miss ട്രംപിന്റെ ചിത്രമുള്ള ടോയിലറ്റ് റോളുമായി ആമസോണ്‍; അമേരിക്കന്‍ ആര്‍ട് ഓഫ് ക്ലാസിക് എന്ന് വിശദീകരണം


ഒരാള്‍ക്കു നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമില്ലേ? അതു നിഷേധിക്കാന്‍ നമ്മളാരാണ്? ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണ്. അതു തെറ്റാണ്.- അടൂര്‍ പയുന്നു. മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കയ്യേറ്റവും പീഡനവുമൊക്കെ സിനിമയില്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളതാണ്. സിനിമയുടെ ഗ്ലാമര്‍ കാരണം സിനിമാമേഖല കൂടുതല്‍ പ്രൊജക്ട് ചെയ്യപ്പെടുന്നു. സിനിമക്കാരെപ്പറ്റി കേള്‍ക്കാന്‍ ആളുകള്‍ക്കു താല്‍പര്യമുള്ളതുകൊണ്ട് ദിവസവും പത്രങ്ങളില്‍ തുടര്‍ക്കഥകളെഴുതുന്നു, പക്ഷേ ഇതെത്രത്തോളം സത്യമാണെന്നു നമുക്കറിഞ്ഞുകൂടാ.- അടൂര്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. അതു ചെയ്ത, നമുക്കറിയാവുന്ന ഒരാളുണ്ട്. അയാളെപ്പറ്റിയല്ലാതെ മറ്റുള്ളവരെപ്പറ്റി ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടേ?

ഈ കുറ്റകൃത്യം ചെയ്തയാള്‍ക്കറിയാം അക്രമത്തിനിരയായ നടിയും ആരോപണവിധേയനായ നടനുമായി ഇഷ്ടത്തിലല്ല, അതുകൊണ്ടുതന്നെ നടന്‍ അയാളുടെ സിനിമകളില്‍നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി, ആ നടന്റെ പേര് ഇതിലുള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേ? എനിക്കു ബലമായ സംശയമുണ്ട്.- അടൂര്‍ പറയുന്നു

ചിലര്‍ക്ക് ഈ നടന്‍ ചെയ്യിച്ചതാണെന്ന് വരുത്തിത്തീര്‍ക്കണം. വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ ആ നടനെപ്പറ്റി എഴുതുന്നത്. ഞാനിതു തിരൂരില്‍വച്ചു പറഞ്ഞ് അന്ന് ഉച്ചകഴിഞ്ഞ് ഞാന്‍ പറഞ്ഞതായി ഒരു വാര്‍ത്ത വരുന്നു: ‘ഈ കൃത്യം ചെയ്തയാള്‍ സിനിമയിലെ എത്ര ഉന്നതനായാലും അയാള്‍ക്കു കടുത്ത ശിക്ഷ കൊടുക്കണം- അടൂര്‍’. ഞാന്‍ മനസ്സില്‍പ്പോലും വിചാരിച്ച കാര്യമല്ല അത്. ശിക്ഷ കൊടുക്കണമെന്നോ കൊടുക്കരുതെന്നോ പറയാന്‍ ഞാനാരാ? അതിനൊക്കെ നമ്മുടെ നാട്ടില്‍ കൃത്യമായ സംവിധാനങ്ങളുണ്ട്.- അടൂര്‍ പറയുന്നു.