ന്യൂദല്‍ഹി: കേന്ദ്രവിജിലന്‍സ് കമ്മീഷണറായി പി.ജെ തോമസിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി ഉത്തരവ് മാനിക്കുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തോമസിനെ വിജിലന്‍സ് കമ്മീഷണറായി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര വിജിലന്‍സ് കമ്മീഷണറായുള്ള പി.ജെ തോമസിന്റെ നിയമനം അസാധുവാക്കിയ കോടതി നടപടിയെ അംഗീകരിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലി നേരത്തേ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് മൊയ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. നിയമനത്തില്‍ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ഗൗരവമായി കാണുന്നുണ്ടെന്നും മൊയ്‌ലി പറഞ്ഞു.