ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനം സുരക്ഷാ സംവിധാനങ്ങളില്‍ പറ്റിയ പാളിച്ചയെതുടര്‍ന്നാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. സുരക്ഷാ പാളിച്ചകള്‍ തീവ്രവാദികള്‍ മുതലെടുക്കുകയായിരുന്നെന്നും ബംഗ്ലാദേശ് സന്ദര്‍ശനം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി പറഞ്ഞു.

അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഭീകരവാദത്തിനെതിരായ യുദ്ധത്തിലാണ് നമ്മള്‍. ഇതില്‍ ജയിക്കുക തന്നെ ചെയ്യും. തീവ്രവാദത്തിനെതിരെ അണിനിരക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം സര്‍ക്കാര്‍ തേടുകയാണ്”.

“സെപ്റ്റംബര്‍ 16 ലെ തീവ്രവാദ ആക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളാണ് രാജ്യം കൈക്കൊള്ളുന്നത്. എന്നാല്‍ ഇപ്പോഴും സുരക്ഷാ കാര്യത്തില്‍ പാളിച്ചകള്‍ സംഭവിക്കുന്നുണ്ട്. ഈ പാളിച്ചകള്‍ ഭീകരര്‍ മുതലാക്കുകയാണ് ‘. പ്രധാനമന്ത്രി പറഞ്ഞു.

ദില്ലിയില്‍ ഹൈക്കോടതി പരിസരത്ത് രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചിരുന്നു. 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച റാം മനോഹര്‍ ഹോസ്പിറ്റല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രുപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.