തിരുവനന്തപുരം: വയനാട്ടിലെ ആദിവാസി ഭൂപ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എ.കെ ബാലന്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ 52 ദിവസങ്ങളായി വയനാട്ടില്‍ ഭൂമിക്കുവേണ്ടി നടത്തുന്ന സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയാണെന്ന് എ.കെ ബാലന്‍ ആരോപിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ 200 പേര്‍ ജയിലിലാണ്. സമരം ചെയ്യുന്ന ആദിവാസികളെ റിമാന്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പും ലംഘിക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ താല്‍പര്യം കാട്ടിയപ്പോള്‍ ഈ സര്‍ക്കാര്‍ ഇതിനു വിരുദ്ധമായ സമീപനമാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Subscribe Us:

റവന്യൂമന്ത്രി അടൂര്‍പ്രകാശാണ് നോട്ടീസിന് മറുപടി നല്‍കിയത്. കഴിഞ്ഞ 52 ദിവസമായി വയനാട്ടില്‍ നടക്കുന്ന ഭൂസമരങ്ങളില്‍ അറസ്റ്റു ചെയ്ത 25 ഓളം പേരെ റിമാന്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ചിലരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ജാമ്യത്തിന് ആളില്ലാത്തതിനാലാണ് വിട്ടയക്കാത്തതെന്നും മന്ത്രി അറിയിച്ചു.

വയനാട്ടിലെ ഭൂപ്രശ്‌നം പരഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. 196 ഏക്കര്‍ ഭൂമി വിലക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 900 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടിയാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിലാകുന്നവരെ ജാമ്യത്തിലറക്കാമെന്ന് എല്‍.ഡി.എഫ് സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ആദിവാസികളെ എല്‍.ഡി.എഫ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. വയനാട്ടില്‍ ഇപ്പോള്‍ സി.പി.ഐ.എം നടത്തുന്ന ഭൂസമരം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത് സഭയില്‍ പ്രതപക്ഷ ബഹളത്തിനിടയാക്കി.

തന്റെ കൈവശം ചില രേഖകളുണ്ടെന്നും അത് മേശപ്പുറത്ത് വെയ്ക്കാന്‍ അനുവദിക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു. സകല നിയന്ത്രണങ്ങളും വിട്ട് ബാലന്‍ സഭയെ കയ്യിലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. ഇത് ശരിയല്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ തന്നെ എ.കെ ബാലനെ മനസിലാക്കിക്കണമെന്നും സ്പീക്കര്‍ റൂളിംഗില്‍ വ്യക്തമാക്കി.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.