എഡിറ്റര്‍
എഡിറ്റര്‍
കോര്‍പ്പറേഷന്‍ സഹകരിച്ചാല്‍ മൂന്ന് ദിവസത്തിനകം മാലിന്യം നീക്കാം: മഞ്ഞളാംകുഴി അലി
എഡിറ്റര്‍
Monday 11th June 2012 10:24am


തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്‌നം മൂന്ന് ദിവസത്തിനകം പരിഹരിക്കാമെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യം നീക്കുന്നതിന് കോര്‍പ്പറേഷന്റെ സഹകരണം ആവശ്യമാണ്. കോര്‍പ്പറേഷന്‍ സഹകരിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാം. സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ആറ് ആധുനിക മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതില്‍ ഒരു മാലിന്യസംസ്‌കരണ കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും. നവംബറിനകം ഇത് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതിനാല്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നെന്നും പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മഞ്ഞളാംകുഴി അലി. പ്രതിപക്ഷത്തുനിന്നും വി. ശിവന്‍കുട്ടി എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുകയാണെന്നും ഇതിനകം തന്നെ പനി കാരണം അഞ്ച് പേര്‍ മരിച്ചെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. തിരുവനന്തപുരത്താണ് സ്ഥിതി ഭീകരം. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയത് കാരണം പനി വ്യാപിക്കുകയാണ്. ജില്ലയിലെ ആശുപത്രികളിലേത് അതി ദയനീയാവസ്ഥയാണ്. വാര്‍ഡുകളും മറ്റും നിറഞ്ഞ് രോഗികളെ വരാന്തകളില്‍ കിടത്തി ചികിത്സിക്കേണ്ട അവസ്ഥയാണ്. ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരില്ല. ഇതിനിടയില്‍ ഡോക്ടര്‍മാരുടെ സ്ഥലം മാറ്റിയത് വന്‍ പ്രതിസന്ധിയുണ്ടാക്കിയെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

മഞ്ഞളാംകുഴി അലിയും ആരോഗ്യമന്ത്രി വി.എസ് ശിവകുമാറുമാണ് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയത്. സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ സ്ഥലം മാറ്റം ചട്ടപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി പകര്‍ച്ചപ്പനി പ്രശ്‌നം പരിഹരിക്കാന്‍ ഭരണപ്രതിപക്ഷകക്ഷികള്‍ ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വൈകുന്നേരം അഞ്ച് മണിക്ക് പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Advertisement