Categories

ആദിവാസി കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയാല്‍ മറ്റു കുട്ടികള്‍ക്ക് രോഗം പകരും; നിലവാരം തകരും; സ്‌കൂള്‍ പ്രവേശനം നിഷേധിച്ച് പ്രധാനധ്യാപകന്‍

Representetive Image

മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ സ്‌കൂള്‍ പ്രവേശനത്തിനായി എത്തിയ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രധാന അധ്യാപകന്‍ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ആറ് കുട്ടികള്‍ക്ക് സ്‌കൂളില്‍  പ്രവേശനവും നിഷേധിച്ചു.

ആദിവാസി കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയാല്‍ മറ്റു കുട്ടികള്‍ക്ക് രോഗം പകരുമെന്നും സ്‌കൂളിന്റെ നിലവാരം തകരുമെന്നും പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്.


Dont Miss കള്ളവോട്ട് കേസ് സുരേന്ദ്രന് പണിയാവും! സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ‘പരേതരും ഗള്‍ഫില്‍ നിന്ന് വോട്ടുചെയ്തവരും’ 


പത്താം ക്ലാസില്‍ ചേരാന്‍ എത്തിയ ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ചുങ്കത്തറ എംപിഎം സ്‌കൂള്‍ പ്രവേശനം നിഷേധിച്ചത്. കുട്ടികളോടൊപ്പം എത്തിയ മഹിളാ സമഖ്യ പ്രവര്‍ത്തകരോട് പ്രധാന അധ്യാപകന്‍ ജാതീയ അധിക്ഷേപം നടത്തുന്നതിന്റെ ശബ്ദ രേഖയും പുറത്തുവന്നിട്ടുണ്ട്.

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള മഹിളാസമഖ്യ പ്രവര്‍ത്തകര്‍ ചുങ്കത്തറയില്‍ ക്യാമ്പ് നടത്തിയാണ് പഠനം നിര്‍ത്തിയ പത്ത് ആദിവാസി കുട്ടികളെ കണ്ടെത്തിയത്. നാല് കുട്ടികളെ ഒന്‍പതാം ക്ലാസിലും ആറ് കുട്ടികളെ പത്താം ക്ലാസിലും ചേര്‍ക്കാനായാണ് ചുങ്കത്തറ എംപിഎം സ്‌കൂളിനെ മഹിളാസമഖ്യ പ്രവര്‍ത്തകര്‍ സമീപിച്ചു.

ഒന്‍പതാം ക്ലാസിലേക്കുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയെങ്കിലും പത്താം ക്ലാസിലേക്കുള്ള ആറ് കുട്ടികളെ ചേര്‍ക്കാന്‍ പ്രധാന അധ്യാപകന്‍ വില്‍സന്‍ ഡാനിയേല്‍ തയ്യാറായില്ല. കുട്ടികളെ ചേര്‍ക്കാതിരിക്കാന്‍ വില്‍സന്‍ ഡാനിയേല്‍ പറയുന്ന കാരണങ്ങള്‍ ജാതീയ അധിക്ഷേപത്തിന്റെ സ്വഭാവമുള്ളതാണ്. വണ്ണവും തടിയും വൃത്തിയും ഇല്ലാത്ത കുട്ടികളാണെന്നും മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ വന്ന് ഇവര്‍ക്കൊപ്പം തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ കഴിയില്ല എന്നുപറഞ്ഞാല്‍ എന്തുചെയ്യുമെന്നൊക്കെയാണ് പ്രധാനധ്യാപകന്‍ ചോദിക്കുന്നത്.

തങ്ങള്‍ക്ക് കുട്ടികളെ അങ്ങനെ വേര്‍തിരിച്ച് കാണാന്‍ കഴിയില്ലെന്നും ഞങ്ങള്‍ക്ക് എല്ലാ കുട്ടികളും ഒരുപോലെയാണെന്നും ഇവര്‍ക്ക് പ്രവേശനം നല്‍കണമെന്ന് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള മഹിളാസമഖ്യ പ്രവര്‍ത്തകര്‍ പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്.

പ്രവേശനത്തിന് ചെന്ന തങ്ങളെ പ്രധാന അധ്യാപകന്‍ വില്‍സന്‍ ഡാനിയേല്‍ അധിക്ഷേപിച്ചെന്ന് കുറുമ്പലങ്ങോട് കണയംകൈ കോളനിയിലെ ആറ് കുട്ടികളും പറഞ്ഞു.

എന്നാല്‍ ആദിവാസി കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കത്തുമായി വന്നാല്‍ പ്രവേശനം നല്‍കുമെന്നും പ്രധാന അധ്യാപകന്‍ വില്‍സന്‍ ഡാനിയേല്‍ പറഞ്ഞു.