എഡിറ്റര്‍
എഡിറ്റര്‍
ആദിവാസികള്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമിയില്ല: സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹം
എഡിറ്റര്‍
Tuesday 5th November 2013 9:35am

secretariate333

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഭൂമി ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 10 ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ജനജാഗ്രതാ സത്യഗ്രഹം നടത്തുമെന്ന് ആദിവാസി നേതാക്കളായ എം. ഗീതാനന്ദനും സി.കെ. ജാനുവും പറഞ്ഞു.

ആറളം ഫാമിലും വനഭൂമിയുടെ ഇനത്തിലും 1000 ഏക്കറിലധികം ഭൂമി ആദിവാസികള്‍ക്ക് നല്‍കാനായി ജില്ലയില്‍ മാറ്റിവച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ആദിവാസി പുനരധിവാസത്തിന് കൈമാറിയ നിക്ഷിപ്ത ഭൂമിയടക്കം ഇതിലുണ്ട്.

ജില്ലയില്‍ ഭൂമി കേരളം പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച 87 പേര്‍ക്കാണ് ആറളത്ത് പട്ടയം നല്‍കിയത്. ഇതില്‍ പലരും ആദിവാസികളല്ലെന്നും ഇരുവരും ആരോപിച്ചു.

രാജ്യത്തെ ആദ്യത്തെ ഭൂരഹിത ജില്ലയാണ് കണ്ണൂരെന്ന പ്രഖ്യാപനം അടിസ്ഥാനരഹിതമാണെന്ന് ആദിവാസി ഗോത്രമഹാസഭ ആരോപിച്ചു. 3500 ഓളം ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ കണ്ണൂരിലുണ്ട്. എന്നാല്‍ അവര്‍ക്ക് ഭൂമി നല്‍കാന്‍ തയാറാകുന്നില്ല.

ഭൂരഹിതരുടെ അപേക്ഷകള്‍ സ്വീകരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുമെന്നും ആവശ്യമെങ്കില്‍ ദല്‍ഹിയിലേക്കും പ്രക്ഷോഭം വ്യാപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

2015 ഓടെ കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി ജില്ലകള്‍ സമ്പൂര്‍ണ ഭൂരഹിത ജില്ലകളായി പ്രഖ്യാപിക്കുമെന്നാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം.

എന്നാല്‍ ആദിവാസികളെ ഭൂമി നല്‍കി പുനരധിവസിപ്പിക്കാന്‍ യാതൊരു നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

Advertisement