ന്യൂദല്‍ഹി: ഐഡിയ സെല്ലുലാര്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്നതായുള്ള വാര്‍ത്ത ആദിത്യ ബിര്‍ല നിഷേധിച്ചു. പ്രമുഖ മൊബൈല്‍ കമ്പനിയായ എം.ടി.എന്‍ അടക്കമുള്ള ആഗോളകമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.

2008ലും 2009ലും ഐഡിയ എം.ടി.എന്നുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ധാരണയിലെത്തിയിരുന്നില്ല. റിലയന്‍സ് കമ്മ്യൂണിക്കേഷനും എം.ടി.എന്നുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതിലും ധാരണയായിരുന്നില്ല.

അതിനിടെ ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരി വിലകളില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വിപണയില്‍ തുടക്കത്തില്‍ തന്നെ ഐഡിയയുടെ ഓഹരിവില ഉയര്‍ന്ന് 72 രൂപവരെ എത്തിയിരുന്നു.