കൂമ്പന്‍പാറ: ലോറിയുടെ കാബിന്‍ മറിഞ്ഞ് പുറത്തേക്ക് തെറിച്ചു വീണ ഡ്രൈവര്‍ പിന്‍ടയര്‍ തലയില്‍ കയറി മരിച്ചു. കൊച്ചി-മധുര ദേശീയ പാതയില്‍ ഓട്ടത്തിനിടെ എറണാകുളം കോലഞ്ചേരി പുത്തന്‍കുരിശ് സ്വദേശി കോച്ചേരിയില്‍ ക്ലീറ്റസ് (27) ആണ് മരിച്ചത്.

അടിമാലിക്കു സമീപം കൂമ്പന്‍പാറ റെയ്‌ഞ്ചോഫിസ് പടിയിലാണ് സംഭവം. മൂന്നാര്‍ ടാറ്റ ടി കമ്പനിയിലേക്ക് ജനറേറ്ററുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് ചെറിയ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടിമാലിയിലേക്ക് കൊണ്ടു വരികയായിരുന്നു.

ഇതിനിടെ വെള്ളമെടുക്കാന്‍ പോയ വാഹനത്തിന്റെ ക്ലീനറെ കയറ്റുന്നതിനായി ബ്രേക്ക് ചെയ്യുമ്പോള്‍ ലോറിയുടെ കാബിന്‍ മുന്നോട്ട് മറിയുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ മുന്‍ ഗ്ലാസ് തകര്‍ന്ന് ഡ്രൈവര്‍ പുറത്ത് റോഡിലേക്ക് തെറിച്ചു വീണു. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്‍ടയര്‍ തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.