Categories

സിനിമയറിയാത്ത സിനിമാക്കാരന്‍ മന്ത്രി

ഉത്സവനഗരിയില്‍ നിന്നും പത്രാധിപര്‍ ബാബു ഭരദ്വാജ്

തുപര്‍ണഘോഷിന്റെ ‘നൗകാദുബി’ ഇല്ലായിരുന്നെങ്കില്‍ ചലച്ചിത്രോത്സവത്തിന്റെ അഞ്ചാംനാള്‍ തീര്‍ത്തും വിരസമായേനെ. ആള്‍ക്കൂട്ടം മാറുന്നതിനോടൊപ്പം കാണലിന്റെ നീതിശാസ്ത്രം മാറിമറിയുകയാണെന്ന് തോന്നുന്നു. ഉത്സവനഗരിയില്‍ ആരും ഇപ്പോള്‍ സിനിമകളെക്കുറിച്ച് സംസാരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരു പ്രത്യേക സിനിമ കാണണമെന്നു ആകാംഷയോ ആ സിനിമ കാണാതെ നഷ്ടപ്പെട്ടു പോകുന്നതില്‍ വേവലാതിയോ തോന്നുന്നില്ല.

നൗകാദുബിയിലെ പ്രമേയം എല്ലാ ഇന്ത്യന്‍ ചിത്രങ്ങളിലേതും പോലെ പ്രണയവും നിര്‍ബന്ധിത വിവാഹവും വധുവിന്റെ മരണവും അന്നേ ദിവസം വ്യത്യസ്ത ഗ്രാമങ്ങളിലെ രണ്ടു വിവാഹങ്ങളിലെ വധുവും വരനും അന്യോന്യം അറിയാതെ ഉള്ള കൂടിച്ചേരലിലും ഒടുക്കും സത്യം തിരിച്ചറിയലിലും സമാഗമങ്ങളിലും ഒതുങ്ങുന്നതാണ്. ഒരു ടിപ്പിക്കല്‍ ഇന്ത്യന്‍ കഥ. ഒരുപാടു കുടുക്കുകളും കുരുക്കുകളുമുള്ളത്. വിരഹവും വിഷാദവും പുനസമാഗമവും ഒക്കെ ഉള്ളത്. എന്നാല്‍ ഈ സ്ഥിരം കഥയെ ഋതുപര്‍ണഘോഷ് ഒരു മഹത്തായ ദൃശ്യോത്സവമാക്കുന്നുവെന്നതാണ് ചിത്രത്തിന്റെ മഹത്വം. ടാഗോറിന്റെയും മൈക്കള്‍ മധുസൂദന ദത്തിന്റെയും കവിതകള്‍ കൊണ്ട് സമ്പുഷ്ടമാണ് സിനിമ.

ഒരു തുള്ളി നഞ്ച് വീണാല്‍ നമുക്ക് ചീത്തയാകുന്ന പോലെയാണ് ഗണേഷ് കുമാറിന്റെ ഒരു തുള്ളി നഞ്ച് ചിത്രമേളയുടെ നിറം കെടുത്തിയത്. ഒടുക്കം നിറഞ്ഞ സദസ്സില്‍ ‘ആദിമധ്യാന്തം’ പ്രദര്‍ശിപ്പിക്കപ്പെട്ടു. ‘വില്‍ക്കും’ ‘വാങ്ങും’ ‘പ്രദര്‍ശിപ്പിക്കും’ തുടങ്ങിയ പദങ്ങള്‍ക്കൊപ്പം ‘പെട്ടു’ എന്നുകൂടി ചേര്‍ത്തുവെയ്ക്കുന്നത് എന്നും അരോചകമായി തോന്നിയിട്ടുണ്ട്. ‘പെട്ടു’ എന്നു തോന്നുമ്പോള്‍ ‘പെട്ടുപോയി’ എന്നാണ് തോന്നാറ്. വില്‍ക്കലിലും വാങ്ങലിലുമൊക്ക ‘പെടല്‍’ എന്ന അപകടം എപ്പോഴും ഉണ്ടാകും. അതുകൊണ്ടുതന്നെ ‘ആദിമധ്യാന്തം’ എന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്.

തീര്‍ച്ചയായും ആദിമധ്യാന്തം നല്ല വൃത്തിയുള്ള ഒരു സിനിമ തന്നെയാണ്. പതിനഞ്ച് ലക്ഷം രൂപ ചെലവാക്കി ഒരു സിനിമ നിര്‍മ്മിച്ചുവെന്നതു തന്നെയാണ് ഗണേഷ് കുമാരന്‍മാരെ കലികൊള്ളിക്കുന്നത്. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ ‘അര്‍ഥ ശാസ്ത്ര’മാണ് അതുവഴി പൊളിയുന്നത്. ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ വേണമെന്ന കച്ചവട സിനിമയുടെ ശാസനകളെ അത് ലംഘിക്കുന്നു. ആ അര്‍ത്ഥത്തില്‍ ആദിമധ്യാന്തം വാഴ്ത്തപ്പെടണം. മികച്ച ഫോട്ടോഗ്രഫിയും ഛായാ ചിത്രത്തില്‍ ക്യാമറ കാണിക്കുന്ന മിതത്വവും എഡിറ്റിങ്ങിന്റെ ലാളിത്യവുമെല്ലാം ആദിമധ്യാന്തത്തെ അനുഗ്രഹിക്കുന്നു. എന്നാല്‍ അതിന്റെ പ്രമേയം, വടക്കന്‍ കേരളത്തിന്റെ സിനിമാ സങ്കല്‍പം ഇപ്പോഴും തെയ്യത്തിലും തിറയിലും പെരുമണ്ണാനിലും ഒതുങ്ങിക്കഴിയുകയാണോ?. ആദിമധ്യാന്തത്തെ സിനിമയായി കാണാനാണ് എനിക്ക് താല്‍പര്യം. കൗതുകങ്ങള്‍ തേടി നടക്കുന്ന വിദേശികളെ അതാകര്‍ഷിച്ചേക്കാം. ഷെറിന്റെ കഴുത്തില്‍ അണിയിക്കുന്ന റോസാപൂമാലയില്‍ ഇങ്ങിനെ ഒരു മുള്ളു ചേര്‍ക്കുന്നതില്‍ എനിക്കു വിഷാദമുണ്ട്.

സിനിമ കണ്ടാല്‍ മനസ്സിലാകാത്ത ഒരു സിനിമാ നടനാണ് നമ്മുടെ സിനിമാ മന്ത്രി എന്നതില്‍ നമുക്ക് ഖേദിക്കാം.

4 Responses to “സിനിമയറിയാത്ത സിനിമാക്കാരന്‍ മന്ത്രി”

 1. Prathiba the Great

  അവന്‍ മന്ത്രി. മന്ത്രി പുത്രന്‍. സുപിം കോടതി മൂന്ന് കൊല്ലം സിക്ഷിച്ച്ചിട്ടു, മൂന്ന് മാസം കൊണ്ട് പുറത്ത് വന്ന വീരന്റെ സന്തതി .

 2. KP ANIL

  പറയുന്നത് കേട്ടാല്‍ തോന്നും എല്ലാ മന്ത്രിമാര്‍ക്കും അവരവരുടെ പണി ശരിക്ക് അറിയാം എന്ന് . കുറച്ചെങ്കിലും സിനിമയെ കുറിച്ച് അറിയാവുന്ന ആളാണ് ഗണേഷ് അയാള്‍ KSRTC മന്ത്രി ആയപ്പോള്‍ ആണ് കേരളത്തില്‍ നല്ല വണ്ടികള്‍ ഓടാന്‍ തുടങ്ങിയത് . കുറച്ചു അഹങ്കാരം ഉണ്ട് അത് മാറ്റിയാല്‍ അയാള്‍ക്ക് നല്ലത് !!

 3. vinod

  what ever ganesh kumar started in KSRTC, he got rewards too from TATA. Thats why he and his relatives having number of buses from kollam to different parts in kerala. And also we all know the architectural difficulty of those KSRTC buses. So Anil, support is ok but not for this type of frauds..

 4. vikkis

  ഗുണേഷന് സിനിമ അറിയില്ലാന്നുമാത്രം പറയരുത് എത്ര സിനിമകളില്‍ ഗുണ്ടയായി അഭിനയിച്ചതാണ്. അഭിനയം അറിയില്ലെങ്കിലും കടിച്ചുതാങ്ങി എത്രനാള്‍ ഫീല്‍ഡില്‍ കിടന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.