തിരുവനന്തപുരം: 16 ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ മത്സരവിഭാഗത്തില്‍ നിന്നും ‘ആദിമധ്യാന്തം’ ഒഴിവാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു. ആദിമധ്യാന്തത്തെ മേളയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഐ.എഫ്.എഫ്.കെയില്‍ നിന്നു ചിത്രം പുറത്താക്കിയ സംസ്ഥാന ചലചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്റെ നടപടി കോടതി ശരിവച്ചു.

ചിത്രം അപൂര്‍ണമാണെന്നും തെറ്റായ സത്യവാങ്മൂലമാണ് സംവിധായകനും നിര്‍മാതാവും ചേര്‍ന്നു ചലച്ചിത്ര അക്കാദമിയില്‍ നല്‍കിയതെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ്റ്റ് ആന്റണി ഡൊമിനിക്കാണ് ഹരജി തള്ളിയത്. ചിത്രത്തിനു ടൈറ്റിലുകള്‍ ഇല്ലെന്നും സാങ്കേതിക പിഴവുകള്‍ ഉണ്ടെന്നും കോടതി ശരിവച്ചു.

Subscribe Us:

ചിത്രത്തിന്റെ സംവിധായകന്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും ഡി.വി.ഡി പൂര്‍ണ്ണമല്ലെന്നും ഐ.എഫ്.എഫ്.കെ ഡയരക്ടറും കേരളചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

16 ാമത് ഫിലിം ഫെസ്റ്റിവെലില്‍ പ്രത്യേക റിവ്യൂകമ്മിറ്റി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ മാത്രമാണ് മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അക്കാദമി ഡയരക്ടര്‍ക്ക് ഏതെങ്കിലും ചിത്രങ്ങള്‍ക്ക് പോരായ്മയുണ്ടെങ്കില്‍ ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം ഉണ്ട്. ഫിലിം കമ്മിറ്റിയ്ക്ക് മുന്നില്‍ ചിത്രത്തിന്റെ് അപൂര്‍ണ്ണമായ സി.ഡിയാണ് ലഭിച്ചതെന്നാണ് പ്രധാന ആരോപണമുണ്ടായിരുന്നത്.

ചിത്രം അപൂര്‍ണ്ണമായതുകൊണ്ടുതന്നെ മത്സരവിഭാഗത്തിലേക്ക് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സാസ്്ക്കാരിക മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞത്. ചലച്ചിത്രമേളയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത സിനിമ ഉള്‍പെടുത്തിയ അക്കാദമി ഭാരവാഹികള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ആദിമധ്യാന്തം തിരുകിക്കയറ്റിയതിന് അക്കാദമിയും ജൂറിയും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Malayalam news, Kerala news in English