കോഴിക്കോട്: ആധാര്‍ കാര്‍ഡ് പാഴ്‌വേലയാകുന്നു. വ്യക്തികളെ കുറിച്ചുള്ള എല്ലാവിവരങ്ങളും ആധാറില്‍ ലഭ്യമായിട്ടും ജനസംഖ്യാ കണക്കെടുപ്പിന് സര്‍ക്കാര്‍ വീണ്ടും ഫോട്ടോ എടുക്കുന്നു.

വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ ദേശീയ ജനസംഖ്യാ രജിസ്്‌ട്രേഷന് ഫോട്ടോ, വിരലടയാളം, ഐറിസ് ഇമേജ് എന്നിവ ശേഖരിക്കുന്ന വിവരശേഖരണം നടത്തുന്നത്. അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും ഇത് നിര്‍ബന്ധമാണ്. എന്‍.പി.ആറില്‍ വിവരങ്ങള്‍ കൊടുത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കേണ്ട ആവശ്യമില്ലെന്നും അറിയിപ്പിലുണ്ട്. ഇതോടെ കോടികള്‍ ചിലവിട്ടും കോടിക്കണക്കിന് പേരുടെ തൊഴില്‍ ദിനങ്ങള്‍ കവര്‍ന്നും സര്‍ക്കാര്‍ നടപ്പാക്കിയ ആധാര്‍ ഫോട്ടോയെടുപ്പ് വെറുതേയായി.

Ads By Google

വ്യക്തമായ ആസൂത്രണമില്ലായ്മയാണ് ഇതിന് കാരണം. ആറ് മാസം മുമ്പ് ആധാര്‍ കാര്‍ഡിന് ഫോട്ടോ എടുത്തവരും വീണ്ടും ഫോട്ടോയെടുപ്പിന് ഹാജരാവണം.

ആധാര്‍ ഫോട്ടോ എടുത്തവരുടെ വിവരങ്ങള്‍ ആധാര്‍ നമ്പറിലൂടെ എന്‍.പി.ആറിലേക്ക് ശേഖരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. അക്ഷയ കേന്ദ്രങ്ങളിലൂടേയും മറ്റ് സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെയും സഹകരണത്തോടെ നടത്തിയ ആധാര്‍ ഫോട്ടോയെടുപ്പിന് വേണ്ടി കോടികളാണ് സര്‍ക്കാര്‍ ചിലവഴിച്ചത്.

ഒന്നിലധികം ദിവസത്തെ ജോലി മാറ്റിവെച്ച് മണിക്കൂറുകളോളം കുട്ടികളടക്കം കുടുംബസമേതം ക്യൂ നിന്നാണ് ജനങ്ങള്‍ ആധാര്‍ കാര്‍ഡിന് ഫോട്ടോ എടുത്തത്.

മാസങ്ങള്‍ക്കകം ഇവര്‍ വീണ്ടും ജോലി മാറ്റിവെച്ച് കുടുംബസമേതം മഴയും വെയിലും കൊണ്ട് ക്യൂ നിന്ന് മറ്റൊരു ഫോട്ടോ എടുപ്പിന് ഹാജരാവാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകായാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് തവണ വീടുകളില്‍ കയറി വിശദമായ വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനസംഖ്യാ രജിസ്റ്ററിനുള്ള ഫോട്ടോ എടുപ്പ് നടത്തുന്നത്.

ഇതിന്റെ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നതിനടെയാണ് സര്‍ക്കാര്‍ തിടുക്കപ്പെട്ട് ആധാര്‍ ഫോട്ടോയെടുപ്പ് നടത്തിയത്.

എന്നാല്‍ സര്‍ക്കാറിന്റെ തടക്കമുള്ള വിവധ ആവശ്യങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡായും ആധാര്‍ കൂടിയേ തീരുവെന്ന് പ്രചാരണം വന്നതോടെ സാമൂഹിക, സാംസ്‌കാരിക സംഘടനകളും ക്ലബുകളും ആധാര്‍ കാര്‍ഡ് ഫോട്ടോയെടുപ്പിന് സൗകര്യങ്ങള്‍ ഒരുക്കുകയും പ്രചാരണം നല്‍കുകയും ചെയ്തിരുന്നു.