അഹമ്മദാബാദ്: പ്രാണേഷ് കുമാര്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട അന്വേഷണച്ചുമതലയില്‍നിന്നും തന്നെ മാറ്റണമെന്ന് മഹാരാഷ്ട്ര എ.ഡി.ജി.പി സത്യപാല്‍ സിംഗ്. ഗുജറാത്ത് ഹൈക്കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

തനിക്ക് ഗുജറാത്തി ഭാഷ മനസ്സിലാകുന്നില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങളുമായി വിയോജിപ്പുണ്ടെന്നും സത്യപാല്‍ വ്യക്തമാക്കി.

ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് സത്യപാല്‍ സിംഗിനെ പ്രാണേഷ് കുമാര്‍ വധക്കേസിന്റെ അന്വേഷണച്ചുമതല ഏല്‍പിക്കുന്നത്.

നരേന്ദ്രമോഡിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 2004 ലാണ് ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാറിനെ അഹമ്മദാബാദില്‍വെച്ച് പോലീസ് വധിച്ചത്. പ്രാണേഷിനൊപ്പം മറ്റുമൂന്നുപേരും കൊല്ലപ്പെട്ടിരുന്നു. ഇത് വ്യാജഏറ്റുമുട്ടലാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.

അതേസമയം ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്ത് എ.ഡി.ജി.പി പി.പി പാണ്ഡെയുടെ പേരുമുള്‍പ്പെട്ടതിനാലാണ് സിംഗ് അന്വേഷണച്ചുമതലയില്‍നിന്നും പിന്‍മാറുന്നതെന്നും സൂചനയുണ്ട്.

പ്രാണേഷ് കുമാര്‍ മരിച്ച സ്ഥലത്ത് ജൂലൈ 6 മുതല്‍ 9 വരെ ‘എയിംസി’ലെ ഡോക്ടര്‍മാര്‍ പ്രത്യേകസംഘങ്ങളും വിദഗ്ധപരിശോധന നടത്തും.