കൊച്ചി:പുത്തൂര്‍ ഷീല വധക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട പ്രതി സമ്പത്തിനെയോ കൂട്ടുപ്രതികളെയോ താന്‍ നേരില്‍ കണ്ടിട്ടില്ലെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എ.ഡി.ജി.പി മുഹമ്മദ് യാസിന്‍ വ്യക്തമാക്കി.

സമ്പത്തിനെ മര്‍ദിച്ചുവെന്ന് പറയുന്ന മലമ്പുഴയിലെ റിവര്‍സൈഡ് കോട്ടേജില്‍ താന്‍ പോയിട്ടില്ലെന്നും പ്രതി കൊല്ലപ്പെടുമ്പോള്‍ താന്‍ എവിടെയായിരുന്നു എന്നത് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ കണ്ടെത്താനാകുമെന്നും മുഹമ്മദ് യാസിന്‍ പറഞ്ഞു. തന്റെ നിരപരാധിത്വം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. കേസില്‍ യാസീന്‍ 16ാം പ്രതിയാണ്. പൂത്തൂരില്‍ പട്ടാപ്പകല്‍ ഷീലയെ കഴുത്തറുത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്ന് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടിരുന്നു.