തൃശൂര്‍: പുത്തൂര്‍ കസ്റ്റഡി മരണക്കേസില്‍ താന്‍ നിരപരാധിയാണെന്ന് എ.ഡി.ജി.പി മുഹമ്മദ് യാസീന്‍. സമ്പത്തിന് മലമ്പുഴ റിവര്‍ കോട്ടേജില്‍ വെച്ച് മര്‍ദ്ദനമേറ്റുവെന്ന് പറയുന്ന സമയത്ത് താന്‍ കേരളത്തിന് പുറത്തായിരുന്നുവെന്ന് ആദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെയും രേഖകള്‍ പരിശോധിച്ചാലും മനസ്സിലാവും. അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് ഇക്കാര്യം വ്യക്തമാകും. മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തുന്നത് വ്യക്തിഹത്യയാണ്. പല ഉദ്യോഗസ്ഥരും ഇങ്ങിനെ വ്യക്തിഹത്യക്ക് വിധേയരായിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഇവര്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുകയാണ് ചെയ്തതെന്നും യാസീന്‍ വ്യക്തമാക്കി.

സമ്പത്ത് മരണക്കേസില്‍ മുഹമ്മദ് യാസീനെ അറസ്റ്റു ചെയ്യാത്തതിനെതിരെ എറണാകുളം സെഷന്‍സ് കോടതി സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യാസീന്‍ സമ്പത്തിനെ മര്‍ദ്ദിച്ചിരുന്നുവെന്നും ഇതും സമ്പത്തിന്റെ മരണത്തിന് കാരണമായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി പരാമര്‍ശത്തിന് ശേഷം ആദ്യമായാണ് യാസീന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.