Categories

54-ാമത് ഗ്രാമി: അഡെല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി


ലോസ് ആഞ്ചല്‍സ്: ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2011 ലെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് ഗായിക അഡെല്‍ ആറ് ഗ്രാമി അവാര്‍ഡുകല്‍ സ്വന്തമാക്കി. മികച്ച നവാഗതര്‍ക്കുള്ള പുരസ്‌കാരത്തിന് ബോണ്‍ ഐവര്‍ ബാന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച ഏമി വൈന്‍ഹൗസിന് മരണാനന്തര ബഹുമതി ലഭിച്ചു. അമേരിക്കന്‍ റോക്ക് ബാന്‍ഡായ റോക്കേഴ്‌സ് ഫൂ ഫൈറ്റേഴ്‌സ് ബെസ്റ്റ് റോക്ക് പെര്‍ഫോമന്‍സിനുള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടി.

ആല്‍ബം ഓഫ് ദി ഇയര്‍, റെക്കോഡ് ഓഫ് ദി ഇയര്‍ എന്നിവയുള്‍പ്പെടെ നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ വിഭാഗത്തിലും അഡെല്‍ പുരസ്‌കാരം നേടി. അഡെലിന്റെ ’21’ എന്ന ആല്‍ബം ആല്‍ബം ഓഫ് ദി ഇയറായും മികച്ച പോപ് വോക്കല്‍ ആല്‍ബമായും തിരഞ്ഞെടുക്കപ്പെട്ടു. ‘റോളിങ് ഇന്‍ ദ ഡീപ്’ ബെസ്റ്റ് റെക്കോഡ്, സോങ് ഓഫ് ദി ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടി. സംവണ്‍ ലൈക്ക് യു എന്ന ഗാനത്തിന് മികച്ച പോപ് സോളോയ്ക്കുള്ള പുരസ്‌കാരവഴം ലഭിച്ചു. ഷോട്ട് വീഡിയോ പുരസ്‌കാരവും അഡെലിനാണ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം അവസാനം സ്വനപേടക ശസ്ത്രക്രിയക്ക് വിധേയയായ ഇരുപത്തിമൂന്നുകാരിയായ അഡെല്‍ ഗ്രാമി വേദിയില്‍ മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ട തന്റെ ‘റോളിങ് ഇന്‍ ദ ഡീപ്’ എന്ന ഗാനം ആലപിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം അഡെല്‍ ആദ്യം പാടുന്നത് ഈ ചടങ്ങിലാണ്. പോയ വര്‍ഷത്തെ മികച്ച ആല്‍ബമായി തിരഞ്ഞെടുക്കപ്പെട്ട അഡെലിന്റെ ’21’ എന്ന ആല്‍ബത്തിന്റെ 63 ലക്ഷം കോപ്പികളാണ് അമേരിക്കയില്‍ മാത്രം വിറ്റുപോയത്.

മികച്ച കണ്‍ട്രി സോളോയ്ക്കും കണ്‍ട്രി സോങ്ങിനുമുള്ള ഗ്രാമി ടെയ്‌ലര്‍ സ്വിഫ്റ്റിനാണ്. ക്രിസ് ബ്രൗണ്‍, ബ്രൂണോ മാര്‍സ്, ടെയ്‌ലര്‍ സ്വിഫ്റ്റ്, കാറ്റി പെറി, അദീല്‍, നിക്കി മിനാഷ് തുടങ്ങിയവരാണ് ഇത്തവണ ഗ്രാമിയില്‍ പെര്‍ഫോമന്‍സുമായി എത്തിയത്.

സംഗീത മേഖലയിലെ ഓസ്‌കര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രാമി പുരസ്‌കാരങ്ങള്‍ ഞായറാഴ്ച രാത്രിയാണ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റണ്‍ അന്തരിച്ചത് ഗ്രാമി പുരസ്‌കാര പ്രഖ്യാപനചടങ്ങിന് തലേന്നായിരുന്നു. അതിനാല്‍ ഇത്തവണത്തെ ഗ്രാമി ചടങ്ങുകള്‍ക്ക് മോടി കുറവായിരുന്നു. വിറ്റ്‌നിക്ക് പ്രണാമം അര്‍പ്പിച്ചാണ് 54-ാമത് ഗ്രാമി അവാര്‍ഡ് ദാനച്ചടങ്ങ് തുടങ്ങിയത്. വിറ്റ്‌നിയുടെ ‘ഐ വില്‍ ഓള്‍വെയ്‌സ് ലവ് യൂ’ എന്ന പ്രശസ്ത ഗാനം ഗായിക ജെന്നിഫര്‍ ഹഡ്‌സണ്‍ പാടി. ആറു ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയ ഗായികയായിരുന്നു വിറ്റ്‌നി ഹൂസ്റ്റണ്‍. ഇന്ത്യയില്‍ നിന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചടങ്ങില്‍ സംബന്ധിച്ചു.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.