ടെഹ്‌റാന്‍: ഇറാന്‍ വ്യാപാര അസന്തുലിതാവസ്ഥ പരിശോധിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടണമെങ്കില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ മികച്ച വ്യാപാരബന്ധം വളര്‍ത്തിയെടുക്കണമെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. പതിനാറാമത് ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറാനിലെത്തിയതായിരുന്നു അദ്ദേഹം.

Ads By Google

ഗോതമ്പ് അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കൂടുതലായി ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള സന്നദ്ധതയും പ്രധാനമന്ത്രി ഇറാനെ അറിയിച്ചു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി, പ്രസിഡന്റ് മെഹമൂദ് അഹമ്മദി നെജാദ് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ആണവ പദ്ധതികളും അഫ്ഗാന്‍, സിറിയ പ്രശ്‌നങ്ങളടക്കമുള്ള ഉഭയകക്ഷി വിഷയങ്ങളും മൂവരും ചര്‍ച്ച ചെയ്തു.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും പരസ്പര ബന്ധം വിശകലനം ചെയ്യുകയും സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഊന്നല്‍ നല്‍കുകയും ചെയ്തു. അടുത്ത ഇന്ത്യ-ഇറാന്‍ ജോയിന്റ് കമ്മീഷന്‍ നവംബറില്‍ ടെഹ്‌റാനില്‍ വെച്ച് നടത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.