adoor-prakashകോഴിക്കോട്: സിവില്‍ സപ്ലൈസ് അഴിമതിക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശ് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ഓഗസ്റ്റ് 29 ന് അടൂര്‍ പ്രകാശ് ഉള്‍പ്പെടെ കേസിലെ അഞ്ചു പ്രതികളും നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

മുന്‍ യു.ഡി.എഫ് സര്‍ക്കാരില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയായിരുന്നു അടൂര്‍ പ്രകാശ് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോയ്ക്ക് ലൈസന്‍സ് കിട്ടാന്‍ അപേക്ഷിച്ച എന്‍.കെ അബ്ദുറഹിമാനോട് 25 ലക്ഷം രൂപ കോഴ ചോദിച്ചതാണ് കേസ്. അബ്ദുറഹിമാന്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ്. അടൂര്‍ പ്രകാശിനെതിരെ അബ്ദുറഹിമാന്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കോഴിക്കോട് വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രവും നല്‍കുകയായിരുന്നു.

ഈ കേസ് പുനരന്വേഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആടൂര്‍ പ്രകാശിനെ രക്ഷിക്കാനാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആരോപണമുണ്ട്. പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കി കോടതി അനുവദിച്ചാല്‍ മാത്രമേ പുനരന്വേഷണം നടത്താനാവൂ.