മുംബൈ: കൊളാബയിലെ ആദര്‍ശ് ഹൗസിംഗ് കോളനി വിവാദവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അശോക് ചവാനെ സി ബി ഐ ചോദ്യംചെയ്‌തേക്കും. ആദര്‍ശ് കോളനിയില്‍ താമസക്കാരായ 103 പേരെയും ചോദ്യംചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

വിവാദത്തെക്കുറിച്ച് പ്രാഥമികവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷമായിരിക്കും ചവാനെ ചോദ്യംചെയ്യുകയെന്ന് സൂചനയുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമ പ്രാപിച്ചവരുടെ വിധവകള്‍ക്ക് വേണ്ടിയുണ്ടാക്കിയതാണ് ആദര്‍ശ് കോളനി. ചവാന്‍ റവന്യൂമന്ത്രിയായിരുന്ന സമയത്ത് ഏതെങ്കിലും വഴിവിട്ട പ്രവര്‍ത്തനം നടത്തിയോ എന്നും ഏജന്‍സി അന്വേഷിക്കും.

ആദര്‍ശ് ഹൗസിംഗ് കോളനി വിവാദത്തെത്തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അശോക് ചവാന്‍ രാജിവച്ചിരുന്നു. തുടര്‍ന്ന് പൃഥിരാജ് ചവാനെ പുതിയ മുഖ്യമന്ത്രിയായി നിയമിച്ചു. ഫഌറ്റ് വിവാദവും 2G സ്‌പെക്ട്രം വിവാദവും കേന്ദ്രസര്‍ക്കാറിന് കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.