ന്യൂദല്‍ഹി: ആദര്‍ശ് ഹൗസിംഗ് കോളനി വിവാദം ഇന്ത്യന്‍ സേനക്ക് നാണക്കേടുണ്ടാക്കിയെന്ന് സൈനികമേധാവി ജനറല്‍ വി കെ സിംഗ് പറഞ്ഞു. വിവാദം സൈന്യത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിവാദത്തിലുള്‍പ്പെട്ടത് ആശങ്കയുണര്‍ത്തുന്നതാണെന്നും സൈനികമേധാവി വ്യക്തമാക്കി.

ആദര്‍ശ് കുംഭകോണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തീര്‍ത്തും വേദനാജനകമാണെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വി കെ സിംഗ് പറഞ്ഞു. എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥരാണെങ്കിലും കുറ്റക്കാരെന്നുതെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വി കെ സിംഗ് വ്യക്തമാക്കി.

പശ്ചിമബംഗാളിലെ സുഖ്‌ന ഭൂമിവിവാദം അവസാനിക്കുന്നതിനു മുമ്പേ ഉയര്‍ന്ന പുതിയ വെളിപ്പെടുത്തലുകള്‍ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്‍ സൈനികമേധാവി ജനറല്‍ ദീപക് കപൂറിനും ആദര്‍ശ് വിവാദത്തില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ട്.