ന്യൂദല്‍ഹി:വിവാദമായ ആദര്‍ശ് ഹൗസിംഗ് കോളനി കുംഭകോണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. കോണ്‍ഗ്രസ് നേതൃത്വത്തിനോടാണ് ആന്റണി ഇക്കാര്യം ആവശ്യപ്പെട്ടത്. വിവാദത്തെക്കുറിച്ച് അന്വഷിക്കാന്‍ നേരത്തേ ആന്റണിയോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദനായകനായ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ രാജി കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചു. രാജി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ പുതിയ മുഖ്യമന്ത്രിക്കായി കേന്ദ്രനേതൃത്വം ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന നേതാവായ പൃഥിരാജ് ചവാന്‍ മുഖ്യമന്ത്രിയായേക്കും എന്നും അഭ്യൂഹമുണ്ട്.

കുംഭകോണത്തില്‍ അശോക് ചവാന് പങ്കുള്ളതായി തെളിഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഒബാമയുടെ സന്ദര്‍ശനം അവസാനിച്ചതിന് തൊട്ടുപിറകേയാണ് ചവാന്റെ രാജി കേന്ദ്രനേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ കൊളാബയില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകള്‍ക്ക് നിര്‍മ്മിച്ച ഫഌറ്റാണ് വിവാദത്തില്‍പ്പെട്ടത്. മുഖ്യമന്ത്രിയുടെ ഭാര്യാമാതാവ് അടക്കം പലര്‍ക്കും ഫഌറ്റ് നല്‍കിയിരുന്നു എന്നും ആരോപണമുണ്ടായിരുന്നു.

നേരത്തേ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ആരോപണം നേരിടുന്ന സുരേഷ് കല്‍മാജഡിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.

അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയ കല്‍മാഡിയോട് രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു.