എഡിറ്റര്‍
എഡിറ്റര്‍
അദാനിയ്‌ക്കെതിരായ വാര്‍ത്തകള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധം: ഇ.പി.ഡബ്ല്യു എഡിറ്റര്‍ രാജിവെച്ചു
എഡിറ്റര്‍
Wednesday 19th July 2017 9:09am

ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ലേഖനങ്ങള്‍ പിന്‍വലിച്ച എക്‌ണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി നടപടിയില്‍ പ്രതിഷേധിച്ച് ആഴ്ചപതിപ്പിന്റെ എഡിറ്റര്‍ പരഞ്‌ജോയ് ഗുഹ തകുര്‍ത രാജിവെച്ചു.

‘അദാനി ഗ്രൂപ്പ് 1000കോടി നികുതി വെട്ടിച്ചോ?’ , ‘അദാനി ഗ്രൂപ്പിന് 500കോടിയുടെ ബമ്പര്‍ നല്‍കി മോദി സര്‍ക്കാര്‍’ എന്നീ തലക്കെട്ടുകളിലുള്ള ലേഖനങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജി.

ജനുവരി 14, ജൂണ്‍ 24 ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനങ്ങള്‍ക്കെതിരെ അദാനി ഗ്രൂപ്പ് അപകീര്‍ത്തി ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇരുലേഖനങ്ങളും നീക്കം ചെയ്തു നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം അദാനി പവര്‍ ലിമിറ്റഡ് ഇ.പി.ഡബ്ല്യുവിന് കത്തയച്ചിരുന്നു.

വീക്ക്‌ലിയുടെ ഉടമസ്ഥറായ സമീക്ഷ ട്രസ്റ്റിനും റിപ്പോര്‍ട്ടു തയ്യാറാക്കിയ നാലു ലേഖകര്‍ക്കുമെതിരെയായിരുന്നു നോട്ടീസ്. ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ അപകീര്‍ത്തി കേസുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ ഭീഷണിപ്പെടുത്തിയിരുന്നു.


Must Read: തെറ്റായ ആരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു ‘വനിത’ പബ്ലിഷര്‍ക്കും എഡിറ്റര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്


ഈ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ചൊവ്വാഴ്ച ദല്‍ഹിയില്‍ സമീക്ഷ ട്രസ്റ്റ് ബോര്‍ഡിന്റെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഈ രണ്ടു ലേഖനങ്ങളും പിന്‍വലിക്കാന്‍ നിര്‍ദേശിച്ചത്. ഈ യോഗത്തിനു പിന്നാലെയാണ് തകുര്‍ത്ത രാജിവെച്ചത്.

അദാനി ഗ്രൂപ്പിനുവേണ്ടി സ്പെഷ്യല്‍ എക്ണോമിക് സോണുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയെന്നും ഇതുകാരണം ഗൗതം അദാനി ഗ്രൂപ്പിന് 500 കോടി ലാഭമുണ്ടായെന്നുമായിരുന്നു ജൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിനുവേണ്ടി 2016 ആഗസ്റ്റില്‍ സ്പെഷ്യല്‍ എക്ണോമിക് സോണ്‍സ് നിയമം വാണിജ്യ മന്ത്രാലയം ഭേദഗതി വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

Advertisement