adaminte-makan-abu the best film 2011

തിയേറ്റര്‍ വ്യൂ / രാഗേഷ് നാരായണ്‍

‘അവാര്‍ഡ് പടം’ എന്ന മാറാപ്പു ചുമന്ന് സലിം അഹമ്മദിന്റെ ‘ആദാമിന്റെ മകന്‍ അബു’ തിയേറ്ററുകളിലെത്തുമ്പോള്‍ ഒരു സാധാരണ സിനിമ കാണാനെത്തുന്ന പോലെയാവില്ല ‘ഈ പാവം സിനിമ’യെ പ്രേക്ഷകര്‍ സമീപിക്കുന്നത്. മുന്‍ അനുഭവം വെച്ച് നോക്കുമ്പോള്‍ മറ്റു പല അവാര്‍ഡ് സിനിമകളും ബോക്‌സോഫീസില്‍ പച്ച തൊടാത്തത് കൊണ്ടാവാം എല്ലാത്തരം പ്രേക്ഷകര്‍ക്കും മനസിലാവുന്ന ഒരു ‘അവാര്‍ഡ്ചിത്ര’മാണിതെന്ന് സംവിധായകന്‍ സലിം അഹമ്മതിന്നു തുറന്നു പറയേണ്ടി വന്നത്.

സ്വന്തം വിശ്വാസങ്ങളോട് അപാരമായ സത്യസന്ധതയും കൂറും പുലര്‍ത്തിയതിനാല്‍ ജീവിതത്തോട് സന്ധി ചെയ്യാനാവാതെ തോറ്റുപോയ ചില മനുഷ്യര്‍, യൗവനത്തിന്റെ ചോരയോട്ടത്തില്‍ നിന്നും ജീവിതത്തിന്റെ യാതന നിറഞ്ഞ സായന്തനങ്ങളിലേക്ക് വീണുപോയവര്‍, ഒറ്റപ്പെടലിന്റെയും ഇച്ഛാഭംഗങ്ങളുടെയും വിങ്ങലുകള്‍ക്കിടയിലും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരിവെട്ടങ്ങള്‍ തെളിയിക്കുന്നവര്‍.. ഇതെല്ലാണ് ഒറ്റനോട്ടത്തില്‍ ‘ആദാമിന്റെ മകന്‍’ എന്ന ചിത്രം പ്രേക്ഷകരോട് പങ്കു വെക്കുന്നത്.

ആരും വാങ്ങാത്ത അത്തറുകളും, മതപുസ്തകങ്ങളും പെട്ടിയിലേന്തി കച്ചവടം നടത്തുന്ന വൃദ്ധനാണ് കഥാനായകനായ അബു(സലിം കുമാര്‍). മെക്കയില്‍ ചെന്ന് ഹജ്ജ് ചെയ്യുക എന്നതാണ് അബുവിന്റെയും ഭാര്യ ആയ്ശു(സറീനാ വഹാബ്)വിന്റെയും ജീവിതാഭിലാഷം..

തങ്ങളെ ഉപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതം തേടിപ്പോയ മകന്‍ സത്താറിന്റെ ഓര്‍മ്മകള്‍ മാത്രം വിങ്ങുന്ന ഇവരുടെ രാവുകള്‍ക്ക് ഹജ്ജ് കര്‍മത്തിന്റെ വിശുദ്ധമായ സ്വപനം പുതിയൊരു അര്‍ഥം നല്‍കുകയാണ്. ഈ സ്വപ്ന സാക്ഷാത്കാര്യത്തിനായി പണം സ്വരൂപിക്കാനുള്ള അബുവിന്റെ ശ്രമങ്ങള്‍ക്ക് തന്നെ ഒരു തീര്‍ഥയാത്രയുടെ നന്മയും പരിശുദ്ധിയുണ്ട്.

പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന് കിട്ടുന്ന സഹായങ്ങള്‍ പോലും സ്വീകരിക്കാന്‍ യഥാര്‍ത്ഥ വിശ്വാസിയായ അബുവിനെ അയാളുടെ സത്യസന്ധത അനുവദിക്കുന്നില്ല. ഈയൊരു ചെറിയ പ്രമേയത്തെ ദുര്‍ഗ്രാഹ്യതകളോ ബുദ്ധിജീവി ജാഡകളോ ഇല്ലാതെ അയത്‌നലളിതമായി അവതരിപ്പിച്ചതാണ് ‘ആദമിന്റെ മകന്‍ അബു’വിനെ പതിവ് ‘അവാര്‍ഡ്’ സിനിമകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

സംവിധായകന്റെ ആദ്യ സിനിമയാണെന്നറിയുമ്പോള്‍ തന്നെ അദ്ദേഹം ഇതില്‍ പ്രകടമാക്കിയ സൂക്ഷ്മതയും മികവും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ഈ അവധാനതയും വൈദഗ്ധ്യവും പാത്രസൃഷ്ടിയിലും കഥാഘടനയിലും വളരെ വ്യക്തവുമാണ്. മെലോഡ്രാമയയിലെക്ക് വഴുതിപോകാവുന്ന പല സന്ദര്‍ഭങ്ങളും അസാധാരണമായ കയ്യടക്കത്തോടെ ഒരു സിനിമാടിക് അനുഭവമാക്കാന്‍ ‘ആദാമിന്റെ മകനി’ല്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

തന്റെ പശുക്കളെ വില്‍ക്കുന്ന സീക്വന്‍സിലും, അബുവും അയല്‍ക്കാരന്‍ സുലൈമാനും(ഗോപകുമാര്‍) തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ കാണിക്കുമ്പോഴും, ഈ വൈദഗ്ധ്യം നമുക്ക് കാണാം. ഇത്തരം കഥകളില്‍ സ്ഥിരമായി സംഭവിക്കുന്ന പ്രവചനാത്മകത മറികടന്ന് ആസ്വാദകര്‍ക്ക് ഒരു പോസിറ്റിവ്‌നെസ്സ് പകരുന്നതിലും സലിം അഹമ്മദ് വിജയിച്ചതായി കാണാം.

എന്നാല്‍ ഉസ്താദ് എന്ന പ്രവാചക സാന്നിധ്യമുള്ള കഥാപാത്രത്തെ സിനിമയോട് ചേര്‍ത്ത് നിര്‍ത്തുന്നതില്‍ തിരക്കഥാകൃത് കൂടിയായ സംവിധായകന്‍ പതറുന്നുണ്ട്.

ഒരു അഭിനേതാവാകാന്‍ സുരാജ് ഇനിയും ഒരുപാടു സഞ്ചരിക്കേണ്ടി- യിരിക്കുന്നു

അബുവായി വേഷമിട്ട സലിം കുമാറിന് ഈ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ അത്ഭുതമില്ല. മുഖഭാവങ്ങളിലും, ശരീര ഭാഷയിലും, ഡയലോഗ് ഡെലിവറിയിലും പാലിക്കുന്ന മിതത്വവും കൃത്യതയും സലിംകുമാറിന്റെ പ്രതിഭ വെളിപ്പെടുത്തുന്നു.പതിഞ്ഞ അഭിനയത്തിലൂടെ അയ്ശുവിന്റെ സ്‌നേഹത്തിന്റെയും നന്മയുടെയും ആഴങ്ങള്‍ സറീന വഹാബ് കാണിച്ചുതരുന്നു. നെടുമുടി വേണുവും(മാഷ്), മുകേഷും(അഷ്‌റഫ്), ശശി കലിങ്കയും(കബീര്‍) അവരവരുടെ റോളുകള്‍ മികച്ചതാക്കി. ഉസ്താദ് ആയി വന്ന തമ്പി ആന്റണിക്ക് കഥാപാത്രത്തെ വേണ്ട വിധത്തില്‍ ഫലിപ്പിക്കാന്‍ കഴിഞ്ഞോയെന്ന് സംശയമാണ്.

ചായക്കടക്കാരന്‍ ഹൈദറായി വന്ന സുരാജ് വെഞ്ഞാറമൂട് സംവിധായകന് കാസ്റ്റിംങ്ങില്‍ വന്ന ഒരു പാളിച്ചയായി കാണാം. ഉസ്താദിന്റെ മരണം അറിയിക്കാനുള്ള സുരാജിന്റെ അഭിനയവിക്രിയകള്‍ പ്രേക്ഷകരില്‍ സഹതാപമുണര്‍ത്തുന്നു. ഒരു അഭിനേതാവാകാന്‍ സുരാജ് ഇനിയും ഒരുപാടു സഞ്ചരിക്കേണ്ടിയിരിക്കുന്നു.

മധു അമ്പാട്ടിന്റെ ക്യാമറ അബുവിന്റെ ജീവിതത്തെ മിഴിവോടെ ഒപ്പിയെടുത്തിരിക്കുന്നു. മകന്റെ ഓര്‍മകളില്‍ വിങ്ങിപോട്ടുന്ന അയ്ശുവിന്റെയും അബുവിന്റെയും രംഗങ്ങളിലും സ്വര്‍ണമേഘങ്ങള്‍ അതിരിടുന്ന കുന്നിന്‍മുകളില്‍ ഇരിക്കുന്ന ഉസ്താദിന്റെ പ്രക്ഷുബ്ധതകള്‍ പകര്‍ത്തുന്ന സീനിലും മധു അമ്പാട്ടിന്റെ ക്യാമറ കാണികളെ വിസ്മയിപ്പിക്കുന്നുണ്ട്.

രമേശ് നാരായണനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ ഹൃദ്യമാണ്, പ്രത്യേകിച്ചും ‘മെക്കാ മദീന’ എന്ന ഗാനം. ഐസക് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തലസംഗീതം അബുവിന്റെ ജീവിത യാത്രകളുമായി ലയിക്കുന്നു. വിജയ് ശങ്കറിന്റെ എഡിറ്റിംങ്ങും മികച്ചതാണ്. മള്‍ടിസ്‌റാര്‍ കെട്ടുകാഴ്ചകളിലും, കാലം തെറ്റിയുള്ള റീമേക്കുകളിലും ദ്വയാര്‍ത്ഥ തമാശകളിലും അഭിരമിക്കുന്ന മലയാളിക്ക് ‘ആദാമിന്റെ മകന്‍ അബു’ വെറും ഒരു ‘അവാര്‍ഡ് സിനിമ’ മാത്രമായിരിക്കും.
പക്ഷെ, സിനിമ ഒരു വ്യവസായം മാത്രമല്ല, ഒരു കല കൂടിയാണെന്ന് നമ്മളെ പലപ്പോഴും ഓര്‍മിപ്പിക്കുന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം സിനിമകള്‍ മാത്രമാണ്.