ന്യൂദല്‍ഹി: ആദാമിന്റെ മകന്‍ അബുവിന് ഓസ്‌കര്‍ നോമിനേഷന്‍. വിദേശ ഭാഷാ ചിത്ര വിഭാഗത്തിലാണ് നോമിനേഷന്‍. ഓസ്‌കറിനായി 16 ചിത്രങ്ങളാണ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പരിഗണിച്ചത്. ഉറുമിയായിരുന്നു പരിഗണിച്ച രണ്ടാമത്തെ മലയാള സിനിമ. പരിശോധനയില്‍ അബുവും ഉറുമിയും അവസാന റൗണ്ടില്‍ ഉള്‍പ്പെട്ടുവെങ്കിലും ഒടുവില്‍ അബുവിനെ തിരഞ്ഞെടുക്കുകയായിരുന്നു.

സാങ്കേതികത്തികവിലും അവതരണത്തിലും ഉറുമി മുന്നിട്ട് നിന്നെങ്കിലും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിച്ചതിനാലും ലളിതമായ ആഖ്യാന ശൈലിയായതിനാലും ആദാമിന്റെ മകന്‍ അബു തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. താരപരിവേഷമില്ലാത്തതും അബൂവിനെ തിരഞ്ഞെടുക്കാന്‍ കാരണമായി.

മികച്ച ചിത്രത്തിനുള്ള 2010 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ മലയാളചലച്ചിത്രമാണ് ആദാമിന്റെ മകന്‍ അബു. സലീം അഹമ്മദ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചലച്ചിത്രമാണ് ഇത്. ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിന് 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.