എഡിറ്റര്‍
എഡിറ്റര്‍
സംപ്രേഷണ അവകാശം ലഭിക്കാത്ത സിനിമകള്‍ക്കായി അദാലത്ത്, സാറ്റ്‌ലൈറ്റ് തുക ലക്ഷ്യമിട്ടുള്ള സിനിമകള്‍ നിയന്ത്രിക്കും
എഡിറ്റര്‍
Wednesday 19th March 2014 9:36pm

film

കൊച്ചി: സംപ്രേഷണ അവകാശം ലഭിക്കാത്ത സിനിമകള്‍ക്കായി അദാലത്ത് സംഘടിപ്പിക്കാന്‍ സിനിമ സംഘടനകളുടെ യോഗത്തില്‍ തീരുമാനം. കേരള ടെലിവിഷന്‍ ഫെഡറേഷന്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, താരസംഘടനയായ അമ്മ, ഫെഫ്ക എന്നിവയുടെ സംയുക്ത യോഗത്തിലാണ് അദാലത്ത് നടത്താന്‍ തീരുമാനമായത്.

സംപ്രേഷണാവകാശം ലഭിക്കാതത്തിനെ തുടര്‍ന്ന് കെട്ടികിടക്കുന്ന സിനിമകള്‍ക്ക് തുക നിശ്ചയിക്കാന്‍ പൊഡ്യൂസര്‍മാരുടെ സാന്നിധ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഇതിനായി സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സബ് കമ്മിറ്റിയ്ക്കും രൂപം നല്‍കിയിട്ടുണ്ട്.

സാറ്റ്‌ലൈറ്റ് തുക ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന സിനിമകളെ നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനമായി. ഒരു വര്‍ഷം ശരാശരി 75നും 80നും ഇടയില്‍ സിനിമകള്‍ മാത്രം സാറ്റ്‌ലൈറ്റ് അനുമതിയ്ക്കായി നല്‍കുക വഴി സാറ്റ്‌ലൈറ്റ് തുക മാത്രം ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന സിനിമകളെ നിയന്ത്രിക്കാനാണ് സംഘടനകളുടെ തീരുമാനം.

ചാനലുകളുടെ സംപ്രേഷണാവകാശം നിശ്ചയിക്കുന്നതിന് ഇടനിലക്കാര്‍ ഇടപെടുന്നത് ഒഴിവാക്കി പകരം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കേരള ടെലിവിഷന്‍ ഫെഡറേഷനും നേരിട്ടിടപെടും.

നൂറ് കണക്കിന് മലയാള സിനിമകള്‍ സംപ്രേഷണാവകാശം ലഭിക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് സിനിമ സംഘടനകള്‍ സംയുക്ത യോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്ത് അദാലത്ത് നടത്താന്‍ തീരുമാനിച്ചത്.

Advertisement