എഡിറ്റര്‍
എഡിറ്റര്‍
പരസ്യത്തിനായി ദേശാഭിമാനിക്ക് നല്‍കിയ പണം മുതലായി : ചാക്ക് രാധാകൃഷ്ണന്‍
എഡിറ്റര്‍
Friday 29th November 2013 11:35am

chak-radhakrishnan

പാലക്കാട്: സി.പി.ഐ.എം സംസ്ഥാന പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുന്‍പേജില്‍ പരസ്യം നല്‍കിയതിനെ കുറിച്ച് ദേശാഭിമാനി തന്നെ പറയട്ടെ എന്ന് വിവാദവ്യവസായി ചാക്ക് രാധാകൃഷ്ണന്‍.

ഏത് സാഹചര്യത്തിലാണ് പരസ്യം കൊടുത്തതെന്ന് ദേശാഭിമാനിയോട് തന്നെ ചോദിക്കണം. തനിക്ക് ഗുണമുണ്ടായിട്ടാണ് പരസ്യം കൊടുത്തത്. പരസ്യത്തിനായി നല്‍കിയ പണം മുതലായി. ചാക്ക് എന്നറിയപ്പെടുന്ന വി.എം രാധാകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്കും പരസ്യം നല്‍കിയിരുന്നു. ഇത് തന്റെ വിപണനതന്ത്രമാണ്.

പാര്‍ട്ടി എന്ന് വിപ്ലവം നടത്താനാണ് തീരുമാനിച്ചതെന്നത് എന്റെ വിഷയമല്ല. പരസ്യത്തിനായി താന്‍ ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഇയാളുടെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ  പേരിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

ഇന്ന് പുറത്തിറങ്ങിയിരിക്കുന്ന ദേശാഭിമാനിയുടെ എല്ലാ എഡിഷനുകളിലും സൂര്യ ഗ്രൂപ്പിന്റെ പരസ്യമുണ്ട്. ‘സി.പി.ഐ.എം സംസ്ഥാന പ്ലീനത്തിന് സൂര്യ ഗ്രൂപ്പിന്റെ അഭിവാദ്യങ്ങള്‍’ എന്നാണ് ഒന്നാം പേജിലുള്ള പരസ്യം.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലും കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും കുടുംബവും ആത്മഹത്യ ചെയ്ത കേസിലും പ്രതിയാണ് ചാക്ക് രാധാകൃഷ്ണന്‍.

പാര്‍ട്ടി അംഗങ്ങള്‍ക്കും മറ്റും മാഫിയ സംഘങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും പ്ലീനം ആവശ്യപ്പെട്ടിരുന്നു. അപചയം സംഭവിച്ചവര്‍ സ്വയം തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പ്ലീനത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

Advertisement