എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയക്കാര്‍ക്ക് വഴങ്ങാതിരുന്നതിന് തന്നെ വ്യഭിചാരക്കേസില്‍ കുടുക്കി: താര ചൗധരി
എഡിറ്റര്‍
Thursday 12th April 2012 12:06pm

രാഷ്ട്രീയക്കാരുടെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിന്റെ പ്രതികാര നടപടിയെന്നോണം തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയായിരുന്നെന്ന് തെലുങ്ക് നടി താരാ ചൗധരി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച് രണ്ട് എം.പിമാരും മൂന്നിലേറെ എം.എല്‍.എമാരും തനിക്ക് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ താന്‍ വഴങ്ങാതിരുന്നതിനാല്‍ വ്യഭിചാരക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുകയാണുണ്ടായതെന്നും താര വ്യക്തമാക്കി.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ചെറിയ പെണ്‍കുട്ടികളെ വലയിലാക്കി ഉന്നതര്‍ക്ക് കാഴ്ചവെച്ചുവെന്ന ആരോപണമാണ് താരാ ചൗധരിയ്‌ക്കെതിരെയുള്ളത്. ബഞ്ചാര ഹില്‍സ് പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞയാഴ്ച ഒരു പെണ്‍കുട്ടി താരാ ചൗധരി തന്നെ ഉന്നതര്‍ക്ക് കാഴ്ചവെച്ചുവെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടിയെ പോലീസ് അറസ്റ്റുചെയ്തത്.

എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചിലര്‍ തനിക്കെതിരെ പ്രതികാരനടപടിയെടുക്കുകയാണെന്നുമാണ് താര പറയുന്നത്. ‘ഞാന്‍ ജയിലിലായത് ചിലരുടെ ഇംഗിതത്തിന് ഞാന്‍ വഴങ്ങാതിരുന്നത് കൊണ്ടാണ്. ചില രാഷ്ട്രീയ പ്രമുഖരുടെയും ഡി.ജി.പിവരെ ഉള്ളവരുടെയും ജാതകം എന്റെ പക്കലുണ്ട്. ഞാനൊന്ന് ജയിലില്‍ നിന്ന് ഇറങ്ങട്ടെ. അപ്പോള്‍ എന്താണ് നടക്കുന്നതെന്ന് കാണുക. രണ്ട് എംപിമാരും മൂന്നിലധികം എം.എല്‍.എമാരും എന്നും മൊബൈലില്‍ ഫോണ്‍ ചെയ്ത് വഴങ്ങിക്കൊടുക്കണം എന്ന് എന്നോട് ആവശ്യപ്പെടുമായിരുന്നു. ഞാന്‍ സമ്മതിച്ചില്ല. ഈ വൈരാഗ്യമാണ് എന്നെ ജയിലില്‍ എത്തിച്ചത്. ഞാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ ഭൂകമ്പം നടക്കും. പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും’  താര പറയുന്നു.

ആന്ധ്രയിലെയും കര്‍ണാടകത്തിലെയും പല ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും പെണ്‍കുട്ടികളെ ഏര്‍പ്പാടിക്കൊടുക്കുന്നത് താരാ ചൌധരിയാണ് എന്ന് പലപ്പോഴായി ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. തന്റെ വലയില്‍ വീണ ഉന്നതരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം പിടുങ്ങാന്‍ താരാ ചൗധരി തന്റെ രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നും ആരോപണമുണ്ട്.

അദൃശ്യം, രക്ഷാകുടു, പ്രിയസഖി, ലവ് ടിക്കറ്റ് എന്നീ സിനിമകളിലൂടെയാണ് താര ചലച്ചിത്ര രംഗത്ത് പ്രശസ്തയായത്.

Advertisement