പ്രണയാര്‍ദ്രമായ നോട്ടം, എന്തോ പറയാതെ പറയുന്ന അധരങ്ങള്‍, മനോഹരമായ കാര്‍കൂന്തല്‍, പൂപിഞ്ചിരി ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന അഭിനയ പാടവവും അതാണ് ഇന്ത്യയിലെ പഴയകാല നടി ശ്രീദേവി. നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമാ ലോകത്തേക്കു വന്ന ശ്രീദേവി വളര്‍ന്നതും സിനിമയിലൂടെയായിരുന്നു.

തമിഴ് നാട്ടിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ശ്രീദേവി ജനിച്ചത്. നാലാം വയസില്‍ സിനിമാ സെറ്റുകളില്‍ പാറിനടക്കാന്‍ തുടങ്ങിയതാണിവര്‍. 1967ല്‍ ‘കന്ദന്‍ കരുണൈ’ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴ്‌നാടിന്റെ അതിര്‍ത്തികള്‍ കടന്ന് തെലുങ്ക, ബോളിവുഡ്, മലയാള സിനിമാ ലോകത്ത് സ്ഥിര സാന്നിധ്യമായി.

1976ല്‍ പുറത്തിറങ്ങിയ ‘മൂന്‍ഡ്രു മുടിച്ചു’ എന്ന ചിത്രത്തില്‍ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരൊടൊപ്പം ശ്രീദേവി അവതരിപ്പിച്ച കഥാപാത്രം സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. അതിനുശേഷം കമല്‍ഹാസന്റെ നായികയായി ഒരുപാട് ചിത്രങ്ങള്‍. എല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു.ഇടക്കാലത്ത് കമല്‍ഹാസന്റെ ചിത്രങ്ങളിലെ സ്ഥിരം നായിക എന്ന പേര് ശ്രീദേവിക്കുണ്ടായിരുന്നു

1978ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ഹിന്ദി ചിത്രം പരാജയപ്പെട്ടെങ്കിലും ജിതേന്ദ്രയുടെ നായികയായെത്തിയ രണ്ടാമത്തെ ചിത്രം ഹിമ്മത്ത് വാല വന്‍ വിജയമായിരുന്നു. പിന്നീട് ജിതേന്ദ്ര ശ്രീദേവി ജോഡി ബോളിവുഡിന്റെ ഭാഗ്യ ജോഡികളായി മാറി.

60ഓളം ഹിന്ദിചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. കുമാരസംഭവം, ദേവരാഗം, ഊഞ്ഞാല്‍ തുടങ്ങി 20 ഓളം മലയാള ചിത്രങ്ങളിലും ശ്രീദേവി പ്രത്യക്ഷപ്പെട്ടു. അഭിനയത്തിന് പുറമേ പെയിന്റിങ്ങിലും ശ്രീദേവി മികവ് തെളിയിച്ചു. 97 ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശ്രീദേവി ഇടയ്ക്ക് ചില പരമ്പരകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.