ബംഗളൂരു: തന്റെ നഗ്‌നദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതിനെതിരെ തെന്നിന്ത്യന്‍ നടിയും നിക്കി ഗല്‍റാണിയുടെ സഹോദരിയുമായ സഞ്ജന ഗല്‍റാണി.

അത്തരം രംഗങ്ങളില്‍ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താനാണെന്നും അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കാര്യമെന്നും സഞ്ജന ചോദിക്കുന്നു.

ഒരു ബോള്‍ഡ് സീനില്‍ അഭിനയിക്കുന്നതില്‍ എന്താണ് തെറ്റായിട്ടുള്ളത്. ഞാന്‍ ഏത് രീതിയിലുള്ള വേഷം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ല. ഒരു സ്‌കിന്‍ സ്യൂട്ട് ധരിച്ചുകൊണ്ടാണ് ഞാന്‍ ആ സീനില്‍ അഭിനയിച്ചത്. മാത്രമല്ല ആ സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പിന്നെ എങ്ങനെയാണ് ഇത് വലിയ വിഷയമാകുന്നത്?


Dont Miss എനിയ്‌ക്കൊന്നും അറിയില്ല; ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദത്തില്‍ ശോഭാ സുരേന്ദ്രന്‍


സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. എന്റെ ഭാഗത്ത് തെറ്റില്ലാഞ്ഞിട്ടും മാധ്യമങ്ങള്‍ എന്നെ കുറ്റപ്പെടുത്തുകയായിരുന്നു.

സിനിമയിലെ അണിയറപ്രവര്‍ത്തകരില്‍ ആരോ തന്നെയാണ് രംഗം പുറത്തുവിട്ടത്. ആ വീഡിയോ പുറത്തുവിട്ടവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം. – സഞ്ജന പറയുന്നു.

ആരും സദാചാരത്തെ കുറിച്ച് എന്നെ പഠിപ്പിക്കേണ്ട. സംസ്‌കാരം എന്താണെന്ന് എനിക്കറിയാം. അതിന് നിരക്കാത്ത രീതിയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല.

തന്റെ പേര് പറഞ്ഞ് ആ വീഡിയോ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കരുതെന്നും ഇതിന്റെ പേരില്‍ തന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സഞ്ജന ചോദിക്കുന്നു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കന്നഡ ചിത്രം ദണ്ഡുപാളയ ടുവിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്ത ഈ രംഗങ്ങളാണ് പുറത്തുവന്നത്.

അതേസമയം ഒരാഴ്ച്ച മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് ആരോപണമുണ്ട്.

ശ്രീനിവാസ രാജു സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം ദണ്ഡുപാളയ 2012ലാണ് പുറത്തിറങ്ങിയത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രീകരിച്ച സിനിമ നിരൂപക പ്രശംസയും നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു.