മറ്റുള്ളവരെ പേടിച്ച് ജീവിക്കണമെന്ന ചിന്ത മാറിയെന്നും ഇനി ഇഷ്ടത്തിനനുസരിച്ച് ജീവിക്കാമെന്നും നടി രേവതി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രേവതി ഇങ്ങനെ പറഞ്ഞത്.

‘വയസ് കൂടുന്തോറും ഉള്‍ക്കരുത്തേറുമെന്ന് തോന്നുന്നു. മറ്റുള്ളവരെ പേടിച്ച് ജീവിക്കണമെന്ന ചിന്തയൊക്കെയങ്ങ് മാറി. കുറേക്കാലം ഈ സമൂഹത്തെയോര്‍ത്തും പേടിച്ചും ജീവിച്ചതല്ലേ? ഇനി എന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാം. എനിക്ക് ചെയ്യാന്‍ തോന്നിയത് ചെയ്യാം. എന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കേണ്ടന്നേയുള്ളൂ. ആരെയും നോവിക്കാതെ സ്വന്തംകാലില്‍ ജീവിക്കാനാണ് അച്ഛനമ്മമാര്‍ പഠിപ്പിച്ചത്. ‘ അഭിമുഖത്തില്‍ രേവതി പറയുന്നു.

Ads By Google

സംവിധായകന്‍ രഞ്ജിത്ത് ഒരു സുഹൃത്തെന്ന നിലയിലും ആണെന്ന നിലയിലും തനിക്ക് തുണയാണെന്നും രേവതി പറഞ്ഞു. നമ്മുടെ മനോഹരമായ വികാരങ്ങള്‍ പോലും പകര്‍ത്തിയെടുക്കാന്‍ കഴിയുന്ന ആണ്‍ സുഹൃത്തുണ്ടാവുന്നത് നല്ലതാണെന്നും രഞ്ജിത്ത് അങ്ങനെയുള്ള ആളാണെന്നും രേവതി പറഞ്ഞു.

ഹിന്ദിയില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്യുന്നതിന്റെ തിരക്കിലാണ് താനിപ്പോള്‍. തിയറ്റര്‍ കലാകാരന്മാരെ വെച്ചുള്ളതാണ് ഒന്ന്. അത് അടുത്തവര്‍ഷം തുടങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

രഞ്ജിത് ശങ്കറിന്റെ മോളി ആന്റി റോക്‌സ് എന്ന ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് രേവതിയിപ്പോള്‍. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.