നിത്യാനന്ദയുമൊത്തുള്ള വീഡിയോ രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് സണ്‍ ടിവിക്കെതിരെ നടി രഞ്ജിത പരാതി നല്‍കി. വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ചെന്നൈയിലെത്തിയ രഞ്ജിത ചൊവ്വാഴ്ച രാത്രി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി സ്വന്തം നിലപാട് വിശദീകരിക്കാന്‍ ശ്രമവും നടത്തി.

നിത്യാനന്ദയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവിട്ട സണ്‍ ടിവി, ദിനകരന്‍ പത്രം, അതിന്റെ വെബ്‌സൈറ്റ് എന്നിവയ്‌ക്കെതിരെയാണ് രഞ്ജിത മാനനഷ്ടത്തിന് പരാതി നല്‍കിയത്. ഈ ദൃശ്യങ്ങള്‍ തന്റേതല്ലെന്നും വ്യാജ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാതിരിക്കുന്നതിന് വന്‍ തുക ആവശ്യപ്പെട്ടിരുന്നെന്നും രഞ്ജിത പരാതിയില്‍ പറയുന്നു.

ഇതിനെക്കുറിച്ച് ഇത്രയും കാലം മിണ്ടാതിരുന്നതെന്താണെന്ന ചോദ്യത്തിന് രഞ്ജിതയുടെ ഉത്തരം ഇതായിരുന്നു- ‘ ഡി.എം.കെ അധികാരത്തിലിരിക്കുന്ന സമയത്തായിരുന്നു ഈ സംഭവങ്ങള്‍ നടന്നത്. ഡി.എം.കെയുടെ നിയന്ത്രണത്തിലുള്ള ചാനലുകളും പത്രസ്ഥാപനങ്ങളുമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. അതിനാല്‍ എനിക്ക് ഇക്കാര്യങ്ങള്‍ തുറന്നുപറയാനും പരാതിപ്പെടാനും ഭയമായിരുന്നു. ഇപ്പോള്‍ ഭരണം മാറി. അതിനാല്‍ എനിക്ക്് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.’ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായി രാഷ്ട്രീയ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ പ്രസ്താവനയെന്നാണ് ചിലര്‍ പറയുന്നത്.

എന്നാല്‍, ആരാണ് ഭീഷണിപ്പെടുത്തിയത് എന്ന ചോദ്യത്തിന് രഞ്ജിത മറുപടി നല്‍കിയില്ല. രഞ്ജിത സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് ചെന്നാണ് പരാതി നല്‍കിയത്. മാധ്യമങ്ങള്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. സ്ത്രീത്വത്തിന് വില കല്‍പ്പിക്കാത്ത രീതിയിലാണ് തന്നെ കുറിച്ച് മാധ്യമങ്ങള്‍ അപവാദ പ്രചരണം നടത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലം മാധ്യമങ്ങളുടെ വേട്ടയാടലിന് ഇരയായിരുന്നു താന്‍ എന്നും രഞ്ജിത പറഞ്ഞു.

രഞ്ജിതയുടെ പരാതിയുടെ പകര്‍പ്പ് ലഭിച്ചിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് കമ്മീഷണര്‍ ജെ.കെ ത്രിപാര്‍തി പറഞ്ഞു.

സണ്‍ ഗ്രൂപ്പിനെ തകര്‍ക്കാനുള്ള പല ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അതിനുള്ള ഉപകരണമായി ആരോ രഞ്ജിതയെ ഉപയോഗിച്ചതാണെന്നുമാണ് ഡി.എം.കെ ഇതിനോട് പ്രതികരിച്ചത്.