എഡിറ്റര്‍
എഡിറ്റര്‍
ഞാനൊരു ഫെമിനിസ്റ്റാണ്; ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളി കേള്‍ക്കാന്‍ ഇഷ്ടമല്ലെന്നും പാര്‍വതി
എഡിറ്റര്‍
Saturday 1st April 2017 1:43pm

തിരുവനന്തപുരം: പത്ത് വര്‍ഷത്തിനിടെ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയെന്നും ഇനി അതിലേറെ അനുഭവങ്ങള്‍ വരാനിരിക്കുന്നെന്നും നടി പാര്‍വതി. ജീവിതം ഈസിയല്ല. ഞാന്‍ എപ്പോഴും നിവര്‍ന്നാണ് നിന്നിട്ടുള്ളത്. ജീവിതത്തിലെ ലക്ഷ്യം മനസാക്ഷിക്കുത്തില്ലാതെ കിടന്നുറങ്ങണം എന്നത് മാത്രമാണെന്നും പാര്‍വതി പറയുന്നു.

ആത്മവിശ്വാസം എപ്പോഴും എന്നിലുണ്ടായിരുന്നു. സത്യസന്ധമായി സിനിമചെയ്യുക വീട്ടില്‍ പോവുക എന്ന് മാത്രമേയുള്ളൂ. ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ എന്റെ ജോലിയെ സ്നേഹിക്കുന്നു. പടം ചെയ്താല്‍ വീട്ടില്‍ പോവുക. വിശ്രമിക്കുക. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തന്നെ ബാധിക്കില്ല. ആളുകള്‍ അങ്ങനെ പറയരുത് ഇങ്ങനെ ചെയ്യരുത് എന്ന് പറയുമ്പോള്‍ ശരിയെന്ന് പറഞ്ഞ് ചിരിക്കും. എന്നിട്ട് എനിക്ക് തോന്നിയ പോലെ ചെയ്യും. അങ്ങനെ ഒഴുകാനാണ് ഇഷ്ടമെന്നും പാര്‍വതി പറയുന്നു.

ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. മുന്‍ റേഡിയോ അവതാരകന്‍ മാത്തുക്കുട്ടിയാണ് പാര്‍വ്വതിയുമായി അഭിമുഖ സംഭാഷണം നടത്തിയത്. ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്ക് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് അഭിമുഖം സംപ്രേഷണം ചെയ്തത്.

ഞാന്‍ ഒരു ഫെമിനിസ്റ്റാണെന്നും മകള്‍, കാമുകി, ഭാര്യ, അമ്മ, അമ്മൂമ്മ എന്നിങ്ങനെ സ്ത്രീകള്‍ ജീവിതമാകെ ടാഗ് ചെയ്യപ്പെടുകയാണെന്നും പാര്‍വതി പറയുന്നു. എല്ലാവരും പെണ്ണുങ്ങള്‍ ആയിട്ടാണ് കാണുന്നത്. വ്യക്തികളായിട്ടാണ് കാണേണ്ടത്.


Dont Miss ആര്‍ക്ക് വോട്ട് ചെയ്താലും ലഭിക്കുന്നത് ബി.ജെ.പിക്ക്; മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീനില്‍ കണ്ടെത്തിയത് വന്‍ അട്ടിമറി 


കുട്ടിയായിരുന്നപ്പോള്‍ മൊളസ്റ്റേഷന്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നടന്നുപോകുമ്പോള്‍ അടിക്കുകയും നുള്ളുകയും ചെയ്തിട്ടുണ്ട്. 17ാം വയസ്സിലാണ് ആദ്യമായി പ്രതികരിക്കുന്നത്. ഇങ്ങനെ സംഭവിക്കുമെന്നേ പറഞ്ഞു തന്നിരുന്നുള്ളൂ. എനിക്ക് എന്നെത്തന്നെ സംരക്ഷിക്കാന്‍ പറ്റുമെന്ന് സമൂഹം പറഞ്ഞു തന്നിരുന്നില്ല.

സിനിമയില്‍ അഭിനയിക്കുക എന്ന് പറയുന്നത് സമൂഹത്തിലെ ആളുകളെ പ്രതിനിധീകരിക്കലാണ്. അഭിനയം എന്നു പറയുന്നത് വലിയൊരു നുണ പറച്ചിലാണ്. ആ നുണയില്‍ ജീവിക്കലാണെന്നും പാര്‍വ്വതി പറയുന്നു.


Dont Miss കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നു എന്നറിയാം; പക്ഷേ പറയില്ല; കേസ് വന്നാല്‍ കുടുംബം വിറ്റാലും നഷ്ടംകൊടുത്ത് തീരില്ല : ബാഹുബലിക്ക് മലയാളത്തില്‍ ശബ്ദം നല്‍കിയ അരുണ്‍ പറയുന്നു 


ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിയേക്കുറിച്ചുള്ള ചോദ്യത്തിന് ആ വിളി കേള്‍ക്കാള്‍ ഇഷ്ടമില്ലെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. ആള്‍ക്കാര്‍ സെല്‍ഫി ചോദിച്ച് വരും. പലപ്പോഴും നോ ആണ് പറയാറ്. സിനിമചെയ്യുമ്പോള്‍ കഥാപാത്രവും പ്രേക്ഷകനും തമ്മില്‍ മാത്രമാണ് ബന്ധം. അത് കഴിഞ്ഞാല്‍ തന്നെ തന്റെ വഴിക്ക് വിടണം.

ഞങ്ങള്‍ സിനിമകാണുന്നത് കൊണ്ടാണ് നിങ്ങളൊക്കെ സ്റ്റാറായത് എന്ന് ചില പ്രേക്ഷകര്‍ പറയാറുണ്ട്. സിനിമകാണുന്നത് ചാരിറ്റിയല്ല. അവര്‍ക്ക് ഒരാസ്വാദന കിട്ടുന്നുണ്ട്. സിനിമ കണ്ടെന്ന് കരുതി എന്റെ ജീവിതത്തില്‍ അവര്‍ക്ക് അവകാശമില്ല. ബഹുമാനമാണ് വേണ്ടതെന്നും പാര്‍വതി പറയുന്നു.

നടന്നു പോകുമ്പോള്‍ നമ്മുടെ ശരീരത്തെപ്പറ്റി കമന്റ് ചെയ്യുന്നത് അവര്‍ ലാഘവത്തോടെയാണ് കാണുന്നത്. വേദനപ്പിച്ചുകൊണ്ട് കമന്റുകള്‍ പറയുന്നത് സ്വാഭാവിക സംഗതിയായത് എങ്ങനെയാണെന്ന് പറയാന്‍ പറ്റുന്നില്ല. ശരീരത്തെപ്പറ്റി അഭിപ്രായം പറയുന്നതിലൂടെ ഒരു അധികാരം സ്ഥാപിക്കാനാണ് ശ്രമമാണ് നടത്തുന്നത്. അത് കൊണ്ട് തന്നെയാണ് ആസിഡ് അറ്റാക്കുകള്‍ ഉണ്ടാവുന്നത്. പുറത്തിറങ്ങി നടക്കുമ്പോഴും പൂര്‍ണമായും റിലാക്സഡ് ആയല്ല ഞാന്‍ നടക്കുന്നത്. എപ്പോഴും ഒരു ഭയം ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ടെന്നും പാര്‍വതി പറയുന്നു.
റോള്‍ കിട്ടാനായി സ്ത്രീകളോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടവരുണ്ട്. സോറി. നിങ്ങള്‍ സിനിമയുമായി മുന്നോട്ട് പോകൂ എന്നാണ് പറയാറ്. മാന്യമായിട്ടല്ല ചോദിക്കുന്നത്. മാന്യമായിട്ട് നമ്മള്‍ മറുപടി പറയുന്നു എന്നേ ഉള്ളൂ.

കാസ്റ്റിങ് കൗച്ച് മലയാളസിനിമയില്‍ ഉണ്ട്. അത് പറയുന്നത് അത്ര ആശ്ചര്യകരമല്ല. നമ്മള്‍ അതു കേട്ട് ഞെട്ടേണ്ട ആവശ്യം പോലുമില്ല. അതൊരു യാതാര്‍ത്ഥ്യമാണ്.- പാര്‍വതി പറയുന്നു.

എന്നോട് സെക്ഷ്വല്‍ ഫേവര്‍ ചോദിച്ചവരോട് സഹതാപം മാത്രമേയുള്ളൂ. അവര്‍ക്ക് അധികാരവും മൂല്യവും കിട്ടണമെങ്കില്‍ ഇത് വേണമെന്ന് അവര്‍ ചിന്തിക്കുന്നു. എത്ര പരിതാപകരമാണത്. പൗരുഷം എന്ന് പറയുന്നത് മറ്റൊരു സ്ത്രീയോട് ഇങ്ങനെ ചോദിക്കുന്നതാണ് എന്ന് കരുതുന്നത് അങ്ങേറ്റം ദുഖകരമാണ്.

Advertisement