കന്നഡ നടി നിഖിതയ്ക്ക് ഇത് കഷ്ടകാലമാണ്. വളര്‍ത്തി വലുതാക്കിയ കന്നഡ സിനിമ തന്നെ നിഖിതയെ ചതിച്ചു. മൂന്നുവര്‍ഷത്തേക്ക് സിനിമലോകത്തേക്ക് കണ്ടുപോകരുതെന്നാണ് നിഖിതയ്ക്ക് അവിടെ നിന്നും കിട്ടിയ ഓര്‍ഡര്‍.

കുടുംബ പ്രശ്‌നം തന്നെയാണ് ഇവിടെ വില്ലന്‍. പക്ഷെ നിഖിതയുടേതല്ലെന്നുമാത്രം. നിഖിതയ്‌ക്കൊപ്പം പലവട്ടം നായകനായി അഭിനയിച്ചിട്ടുള്ള നടന്‍ ദര്‍ശന്റെ കുടുംബമാണ് നിഖിതയ്ക്ക് പാരയായത്. ദര്‍ശനും നിഖിതയുമായുള്ള അടുപ്പം അത്ര രസിക്കാതെ നടന്റെ ഭാര്യ വിജയലക്ഷ്മി പരാതി നല്‍കിയതാണ് നിഖിതയ്ക്ക് വിനയായത്.

വിജയലക്ഷ്മിയെ തല്ലിയതിന് ദര്‍ശനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. വിജയലക്ഷ്മി ഇപ്പോള്‍ ആശുപത്രിയിലാണ്. വിജയലക്ഷ്മി പോലീസിന് നല്‍കിയ പരാതിയില്‍ നിഖിതയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ കന്നഡ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിഖിതയ്ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

ഇത് മറ്റുനടീനടന്‍മാര്‍ക്ക് ഒരു പാഠമാകട്ടെയെന്ന് വിലക്ക് തീരുമാനം അറിയിച്ചുകൊണ്ട് കെ.എഫ്.പി.എ പ്രസിഡന്റ് മുനിരത്‌നം പറഞ്ഞു. ജോലിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രഫഷണല്‍സിനെയാണ് തങ്ങള്‍ക്കാവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിഹാസ്യം എന്നാണ് ഈ വിലക്കിനെ നിഖിത വിശേഷിപ്പിച്ചത്. ‘തെളിവില്ലാതെയാണ് കെ.എഫ്.പി.എ നടപടിയെടുത്തത്. എന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് അവര്‍ വിലക്കേര്‍പ്പെടുത്തിയത്. ദര്‍ശനും ഞാനും മൂന്ന് ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പ്രഫഷണലായ ബന്ധമല്ലാതെ ഞങ്ങള്‍ക്കിടയില്‍ ഒന്നുമില്ല.’

‘കഴിഞ്ഞ മൂന്ന് ദിവസമായി ഇക്കാര്യം ചോദിച്ച് എനിക്ക് ഫോണ്‍കോളുകളുടെ പ്രവാഹമാണ്. ഇങ്ങനെ പോയാല്‍ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. ഞാന്‍ അവിവാഹിതയാണ്. എന്റെ ഭാവിയെകുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു പെണ്ണിനെ അപകീര്‍ത്തിപ്പെടുത്തുന്നത് ശരിയാണോ? ദര്‍ശന് ഭാര്യയുമായി ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതിലേക്ക് എന്തിനാണ് എന്നെ വലിച്ചിഴക്കുന്നത്’- നിഖിത ചോദിക്കുന്നു.

തന്നെ അടുത്തറിയാവുന്ന വിജയലക്ഷ്മി തന്നെ പരാതിയുമായി രംഗത്തെത്തിയതാണ് ഏറെ വേദനിപ്പിച്ചതെന്നും നടി പറഞ്ഞു.

വിലക്കിനെ തുടര്‍ന്ന് നാഗണ സംവിധാനം ചെയ്യുന്ന നിഖിതയുടെ പുതിയ ചിത്രം ക്രാന്തിവീര സാങ്കോളി രായണ്ണയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. നിഖിതയെ ഒഴിവാക്കി മുന്നോട്ടുപോകാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ദിവസങ്ങള്‍ക്കുമുമ്പാണ് നിഖിതയുടെ അച്ഛന്‍മരിച്ചത്. ഈയൊരുവസരത്തില്‍ നടിയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്ന് നിഖിതയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു നടി വ്യക്തമാക്കി.

ആറ് വര്‍ഷമായി നിഖിത സിനിമാ രംഗത്തുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഒരിക്കല്‍ പോലും ചീത്തപേര് കേള്‍പ്പിച്ചിട്ടില്ല. എന്നാല്‍ നിര്‍മാതാക്കളുടെ പ്രഫഷണലല്ലാത്ത ഈ നടപടികാരണം അവള്‍ക്ക് ഇപ്പോള്‍ മോശക്കാരിയാക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.