ബംഗളൂരു: നടന്‍ ദര്‍ശന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് കന്നട സിനിമയില്‍ നിന്ന് മൂന്നുവര്‍ഷത്തെ വിലക്ക് നേരിട്ട നടി നികിത ആത്മഹത്യക്കു ശ്രമിച്ചതായി റിപ്പോര്‍ട്ട്. തുക്രാല്‍ മുംബൈയിലെ വസതിയിലാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് വാര്‍ത്തകള്‍. ചില വെബ്‌സൈറ്റുകളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ നിഖിതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നടി സുഖം പ്രാപിച്ചുവരികയാണെന്നും വാര്‍ത്തകള്‍ പറയുന്നു.

അതേസമയം, നടി നിഖിതക്ക് കന്നട ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കര്‍ണ്ണാടക സിനിമാ മേഖയില്‍ നിന്നുയര്‍ന്ന കടുത്ത എതിര്‍പ്പിനെ തുടര്‍ന്നും ചില വനിതാ സംഘടനകളുടെ പ്രതിഷേധത്തിനെത്തുടര്‍ന്നുമാണ് വിലക്ക് പിന്‍വലിച്ചത്. ദര്‍ശനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. നികിതയും ദര്‍ശനും തമ്മിലുള്ള അടുപ്പം കുടുംബജീവിതം തകര്‍ത്തെന്നാരോപിച്ച് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി കന്നട ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കുകയായിരുന്നു.

ഭാര്യയെ മര്‍ദിച്ച കേസില്‍ ദര്‍ശന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച വാദം കേട്ട ഫസ്റ്റ് എസിഎംഎം ജഡ്ജി വെങ്കടേഷ് ഹുലഗിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ദര്‍ശന്‍ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാല്‍ ഒരാഴ്ചയോളം ദര്‍ശന്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന താരങ്ങളായ അംബരീഷ്, ജഗേഷ്, പ്രേം തുടങ്ങിയവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിജയലക്ഷ്മി പരാതി പിന്‍വലിച്ചെങ്കിലും ദര്‍ശനെ വിട്ടയക്കുന്നത് മജിസ്‌ട്രേട്ട് തടഞ്ഞു. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മദ്യപിച്ചിരുന്നതിനാല്‍ സംഭവത്തെക്കുറിച്ച് ഓര്‍മയില്ലെന്നാണ് ദര്‍ശന്റെ വാദം. നികിത സൃഹൃത്ത് മാത്രമാണെന്നും ദര്‍ശന്‍ പറഞ്ഞു.